isis-malayali-

കോഴിക്കോട്: തീവ്രവാദ സംഘടനയിൽ ചേർന്ന മലയാളി എഞ്ചിനീയർ ലിബിയയിൽ കൊല്ലപ്പെട്ടതായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐസിസ്) വാദം സ്ഥിരീകരിക്കാനുളള ശ്രമത്തിൽ സുരക്ഷാ ഏജൻസികൾ. 'നിങ്ങളുടെ രക്തസാക്ഷികളെ അറിയുക' (Know your martyrs) എന്ന ഐസിസ് രേഖയിലാണ് കേരളീയനെപ്പറ്റി പരാമർശം ഉളളത്. ​ഗൾഫിൽ ജോലി ചെയ്യുമ്പോൾ ഇസ്ലാം മതം സ്വീകരിച്ച ഒരു ക്രിസ്ത്യാനിയായിരുന്നു അബുബക്കർ അൽ-ഹിന്ദി. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കൊല്ലപ്പെട്ട ഇന്ത്യയിൽ നിന്നുളള ആദ്യ വ്യക്തിയാണ് ഇയാളെന്നും രേഖയിൽ പറയുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

സിറിയയിലും അഫ്​ഗാനിസ്ഥാനിലും കൊല്ലപ്പെട്ട മറ്റ് മലയാളി ഭീകരിൽ നിന്നും വ്യത്യസ്തമായി ഐസിസ് രേഖയിൽ അബുബക്കറിന്റെ യഥാർത്ഥ പേര് പരാമർശിച്ചിട്ടില്ല. ഇയാൾ സമ്പന്നവും മറ്റ് എൻജീനീയർമാർ ഉളളതുമായി ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ചതെന്നത് ഒഴിച്ചാൽ മറ്റു വ്യക്തി വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ​ഗൾഫിലേക്ക് പോകുന്നതിനു മുൻപ് അബുബക്കർ ബംഗളുരുവിൽ ജോലി ചെയ്യുകയായിരുന്നുവെന്നും ഐസിസ് പറയുന്നു.

ഐസിസിൽ ചേർന്ന മറ്റ് മലയാളികളെപ്പോലെ ഹിജ്‌റ (മൈഗ്രേഷൻ) ചെയ്യാൻ അബുബക്കർ ആഗ്രഹിച്ചിരുന്നു എന്നാൽ ഗൾഫിലെ കമ്പനിയുമായുള്ള കരാർ കാലഹരണപ്പെട്ടതിനാൽ ഇന്ത്യയിലേക്ക് മടങ്ങേണ്ടിവന്നു. ഐസിസ്, തങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്ന ലിബിയയിലേക്ക് പോകാൻ ഇയാളോട് ആവശ്യപ്പെട്ടു. എഞ്ചിനീയറായതിനാലും പാസ്‌പോർട്ടിൽ ക്രിസ്ത്യൻ നാമം ഉണ്ടായിരുന്നതിനാലും ലിബിയയിലേക്ക് എളുപ്പത്തിൽ എത്താനായി. രാജ്യത്തെത്തി മൂന്ന് മാസത്തിന് ശേഷം അബുബക്കർ ഒരു ഓപ്പറേഷനിൽ കൊല്ലപ്പെട്ടതായും രേഖയിൽ പറയുന്നു.

സുരക്ഷാ ഏജൻസികൾ ഇതുവരെ അബുബക്കർ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. രേഖയിൽ പരാമർശിച്ച സംഭവങ്ങൾ എപ്പോഴാണ് നടന്നതെന്നും വ്യക്തമല്ല. സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും തങ്ങളുടെ ശക്തികേന്ദ്രങ്ങൾ ഇല്ലാതായതോടെ ഐസിസ് തങ്ങളുടെ പ്രവർത്തനങ്ങൾ ആഫ്രിക്കയിലേക്ക് മാറ്റുമെന്ന് സുരക്ഷാ വിദഗ്‍ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഐസിസിൽ ചേർന്ന നിരവധി കേരളീയർ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഹിജ്‌റ ചെയ്തിട്ടുണ്ടെങ്കിലും ലിബിയ ആദ്യമായാണ് ചിത്രത്തിൽ വരുന്നത്.

2014 ൽ ലിബിയയിൽ വിലയാറ്റ് (പ്രവിശ്യ) രൂപീകരിക്കുന്നതായി ഐസിസ് പ്രഖ്യാപിക്കുകയും നിരവധി വിദേശ പോരാളികളെ രാജ്യത്തേക്ക് അയക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം കാബൂളിലെ ഗുരുദ്വാരയ്‌ക്കെതിരായ ആക്രമണത്തിലും ജലാലാബാദിലെ ജയിലടക്കം അഫ്ഗാനിസ്ഥാനിൽ നടന്ന നിരവധി ഓപ്പറേഷനുകളിലും കേരളത്തിൽ നിന്നുള്ള ഭീകരർ പങ്കെടുത്തതായി ഐസിസ് അവകാശപ്പെട്ടിരുന്നു.