petrol

തിരുവനന്തപുരം: രാജ്യത്ത്​ ഇന്ധന വില വർദ്ധനവ്​ അതിവേഗം മേലോട്ടുതന്നെ. പെട്രോളിന്​ 27 പൈസയും ഡീസലിന്​ 30 പൈസയുമാണ്​ ഇന്നലെ കൂടിയത്​. 36 ദിവസത്തിനിടെ 20-ാം ദിവസമാണ് ഇന്ധന വില കൂട്ടിയത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 97 കടന്നു. പെട്രോൾ ലിറ്ററിന് 97.01 രൂപയും ഡീസലിന് 92.34 രൂപയുമായി ഉയർന്നു. കോഴിക്കോട്ട്​ പെട്രോൾ വില 95.38 രൂപയും ഡീസലിന് 90.73 രൂപയുമാണ്​. കൊച്ചിയിൽ പെട്രോളിന് 95.13 രൂപയും ഡീസലിന് 91.58 രൂപയുമാണ് വില.

ഈ വർഷം മാത്രം പെട്രോൾ -ഡീസൽ വില 45 ലേറെ തവണയാണ്​ വർദ്ധിപ്പിച്ചത്​. രാജ്യത്തെ 135 ജില്ലകളിൽ പെട്രോൾ വില ലിറ്ററിന്​ 100 കടന്നിരുന്നു. അന്താരാഷ്​ട്ര വിപണിയിൽ അസംസ്​കൃത എണ്ണവില ഉയരുന്നതിന്റെ ആനുപാതികമായാണ്​ ഇന്ത്യ​യിലെ വിലക്കയറ്റം എന്നാണ്​ എണ്ണക്കമ്പനികളുടെ വാദം.

അതേസമയം രാജ്യത്തെ 5 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും പെട്രോൾ വില 100 കടന്നു.

രാജസ്ഥാൻ, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, ലഡാക്ക് എന്നിവിടങ്ങളിലാണ് പെട്രോൾവില ലിറ്ററിന് 100 രൂപ കടന്നത്.

 ഉയരത്തിൽ ക്രൂഡ് ഓയിൽ

രണ്ടുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ ആഗോള വിപണിയിൽ ക്രൂഡ് ഓയിലുള്ളത്. ബാരലിന് 71 ഡോളറിന് മുകളിലാണ് ബ്രെന്റ് ക്രൂഡ് വില. 2019 മേയ് മുതലുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 2021 തുടക്കം മുതൽ തന്നെ ക്രൂഡ് ഓയിൽ വിലയിൽ ക്രമാനുഗതമായ വർദ്ധന വ്യക്തമായിരുന്നു. ബാരലിന് 52 ഡോളറിൽനിന്നാണ് അഞ്ച് മാസംകൊണ്ട് വില 19 ഡോളർ ഉയർന്ന് 71ൽ എത്തിയത്.

 നഗരങ്ങളിൽ വില

നഗരം - പെട്രോൾ - ഡീസൽ

തിരുവനന്തപുരം : 97.01- 92.34

കോഴിക്കോട്: 95.38 - 90.73

കൊച്ചി: 95.13 - 91.58

 6 മണിക്കറിയാം വില

എല്ലാ ദിവസവും രാവിലെ 6 ന് പെട്രോളിന്റെയും ഡീസലിന്റെയും വില മാറുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ എക്സൈസ് തീരുവ, ഡീലർ കമ്മീഷൻ എന്നിവയും മറ്റ് കാര്യങ്ങളും ചേർത്ത ശേഷം അതിന്റെ വില നിശ്ചയിക്കുന്നു. വിദേശനാണ്യ നിരക്കിനൊപ്പം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡിന്റെ വില എന്താണെന്നതിനെ ആശ്രയിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും മാറും.