
മുംബയ്: ജനുവരി - മാർച്ചിൽ ഇന്ത്യയിലെ പ്രമുഖ ബഡ്‌ജറ്റ് എയർലൈൻസായ ഇൻഡിഗോയ്ക്ക് 1,147 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കുകൾ. ഒരു വർഷം മുമ്പും 870.8 കോടി രൂപയുടെ നഷ്ടം ഇൻഡിഗോ നേരിട്ടിരുന്നു.
ഭീമമായ നഷ്ടത്തിന് പുറമെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിലും ഇൻഡിഗോയ്ക്ക് കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. 2020 മാർച്ച് പാദത്തിൽ 8,299 കോടി രൂപയുണ്ടായിരുന്ന പ്രവർത്തന വരുമാനം 6,222 കോടി രൂപയിലേക്ക് ഇക്കുറി ചുരുങ്ങി; ഇടിവ് 25 ശതമാനം. റെഗുലേറ്ററി ഫയലിംഗിലാണ് ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് മാർച്ചിലെ ദാരുണാവസ്ഥ വെളിപ്പെടുത്തിയത്. ഡിസംബർ- ഫെബ്രുവരി കാലഘട്ടത്തിൽ ബിസിനസ് ഉണർന്നെങ്കിലും കൊവിഡ് രണ്ടാം തരംഗം സ്ഥിതിഗതികൾ വഷളാക്കിയിരിക്കുകയാണ്'- ഇൻഡിഗോ സി.ഇ.ഒ രണോജോയ് ദത്ത് പറഞ്ഞു. മഹാമാരിയുടെ കാലം കഴിഞ്ഞാൽ കമ്പനിയുടെ സാമ്പത്തികം ശക്തമായി മെച്ചപ്പെടുമെന്നും ദത്ത കൂട്ടിച്ചേർത്തു.