kummanam-kodakara

കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്ന് കുമ്മനം രാജശേഖരൻ. പ്രതികള്‍ക്ക് സി.പി.എം-സി.പി.ഐ ബന്ധമുണ്ട്. കേസില്‍ സി.പി.എം പ്രവര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്തതിന്‍റെ വിവരങ്ങള്‍ പുറത്തുവിടുന്നില്ല. കെ.സുരേന്ദ്രനെ പക്ഷം തിരിഞ്ഞ് ആക്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സമാധാനപരമായ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കുന്നില്ല. സുരേന്ദ്രന്‍റെ മകനെ ചോദ്യം ചെയ്യാന്‍ പോകുന്നത് പാര്‍ട്ടിയെ അവഹേളിക്കാനാണ്. വെല്ലുവിളികളെ പാർട്ടി ഒറ്റക്കെട്ടായി നേരിടും. ബി.ജെ.പിയെ ഒറ്റപ്പെടുത്തി നശിപ്പിക്കാനാണ് ശ്രമം. കേസുമായി ബന്ധപ്പെട്ട് പൊലീസിന് എന്തു വേണമെങ്കിലും ചോദിക്കാം. നെഞ്ചുവേദന, കൊവിഡ് എന്നൊന്നും പറഞ്ഞ് ഒഴിഞ്ഞു മാറില്ല. എന്നാൽ ഇടതുപക്ഷം പൊലീസിനെ ദുരുപയോഗം ചെയ്യുകയാണെന്നും അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കുമ്മനം പറഞ്ഞു.

ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം ഹോട്ടലില്‍ നടത്തുന്നതിന് മുന്‍കൂട്ടി അനുമതി വാങ്ങിയിരുന്നു. എന്നാല്‍ ഹോട്ടലില്‍ യോഗം ചേരുന്നതിന് എതിരെ പൊലീസ് നോട്ടീസ് അയച്ചു. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയതെന്ന് കുമ്മനം പ്രതികരിച്ചു. ഹോട്ടലിൽ നടത്താൻ കഴിയാതെ വന്നതോടെ ബി.ജെ.പിയുടെ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലാണ് കോർ കമ്മിറ്റി യോ​ഗം നടക്കുന്നത്. സംസ്ഥാനത്തെ വിവിധ നേതാക്കള്‍ യോ​ഗം ചേരുന്നതിനായി സ്വകാര്യ ഹോട്ടലിലേക്ക് എത്തിയിരുന്നെങ്കിലും ഇവരെല്ലാം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് അയക്കുകയായിരുന്നു.