k-surendran

കൊച്ചി: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് തങ്ങളെ അവഹേളിക്കാൻ സി.പി.എമ്മും സർക്കാരും ശ്രമിക്കുന്നതായി ബി.ജെ.പി. കോടിയേരിയുടെ മകൻ ലഹരി കടത്ത് കേസിൽ കുരുങ്ങിയതിലുള്ള പ്രതികാരം തീർക്കാനാണ് കെ. സുരേന്ദ്രൻറെ മകനെ ഈ കേസിലേക്ക് വലിച്ചിഴക്കുന്നത്. സി.പിഎം സംസ്ഥാന പൊലീസിനെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുകയാണ്. കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ട് സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമത്തെ പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും കോർ മീറ്റിം​ഗിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ബി.ജെ.പി പറയുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഖ്യാപിത അജണ്ടയായ മോദി വിരുദ്ധ രാഷ്ട്രീയം കൂടിയാണ് സംസ്ഥാന പാർട്ടിയെ വേട്ടയാടുന്നതിലൂടെ നടപ്പാക്കപ്പെടുന്നത്. സ്വർണക്കള്ളക്കടത്ത് കേസിൽ മുൻ മന്ത്രിയും മുൻ സ്പീക്കറും ചോദ്യം ചെയ്യപ്പെടുകയും ആ കേസ് ഇപ്പോഴും മുന്നോട്ടുപോകുന്നുണ്ട് എന്ന തിരിച്ചറിവുമാണ് സി.പി.എമ്മിനെ ഇതിന് പ്രേരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. കേസിൽ ചോദ്യം ചെയ്യപ്പെട്ട സി.എം. രവീന്ദ്രൻ വീണ്ടും ചുമതലക്കാരനായി തുടരുന്നത് കള്ളക്കടത്തിലെ ഉന്നത രാഷ്ട്രീയ ബന്ധത്തിൻറെ തെളിവാണ്. രാജ്യദ്രോഹക്കുറ്റത്തിൽ ആരോപണവിധേയരായതിന്റെ ജാള്യത മറയ്കാനാണ് ബി.ജെ.പിയെ ചെളിവാരിയെറിയാൻ നോക്കുന്നത്.

ബി.ജെ.പിയുടെ കള്ളപ്പണം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന കോടിയേരി ബാലകൃഷ്ണൻ ആദ്യം സ്വന്തം മകന്റെ അക്കൗണ്ടിലുള്ള പണം എവിടെ നിന്ന് വന്നെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്തട്ടെ. ബിനീഷ് കോടിയേരിയുടെ പച്ചക്കറി, മൽസ്യവാപാരം വഴിയുളള വരുമാനം കോടതിക്ക് ബോധ്യപ്പെട്ടെങ്കിൽ ആറുമാസമായി അദ്ദേഹത്തിന് ജയിൽ തുടരേണ്ടി വരില്ലായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ലെങ്കിലും കൂടുതൽ മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ സ്വാധീനം വർദ്ധിച്ചത് എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ഒരു പോലെ പരിഭ്രാന്തരാക്കുന്നുണ്ട്. അതിന് തടയിടാനാണ് ദിവസവും ഓരോ കള്ളക്കഥകൾ ബി.ജെ.പിക്കെതിരെ മെനയുന്നത്.

കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെയാകെ അസ്വസ്ഥമാക്കുന്ന മുസ്ലീം പ്രീണനത്തിന്റെ മറ്റൊരു വശവും കൂടി ഈ പ്രചാരണങ്ങൾക്ക് പിന്നിലുണ്ട്. ഭൂരിപക്ഷസമുദായത്തിനും ക്രൈസ്തവർക്കും ബി.ജെ.പിക്കുമേൽ വർധിച്ചുവരുന്ന വിശ്വാസം എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ഒരുപോലെ അസ്വസ്ഥരാക്കുന്നുണ്ട്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുന്ന ഒരു ബിസിനസുകാരന്റെ (ധർമ്മരാജന്റെ) പണം കവർച്ച ചെയ്യപ്പെടുന്നു. എന്നാൽ പൊലീസ്‌, കവർച്ച നടത്തിയവരെ പിടിച്ച്‌ ഈ പൈസ കണ്ടെത്തിക്കൊടുക്കുന്നതിന്‌ പകരം, പണം നഷ്ടപ്പെട്ട ആൾ, ബി.ജെ.പിയെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ സഹായിച്ചതുകൊണ്ട് ഈ കേസ്‌ എങ്ങനെ ബി.ജെ.പിയുമായി ബന്ധപ്പെടുത്താം എന്ന് ഗവേഷണം ചെയ്യുകയാണ്.

അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നത് മോദിയാണോ പിണറായിയാണോ എന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. ഈ കേസിൽ പിടിക്കപെട്ട ഒരാൾ ഒഴിച്ച്‌, മറ്റ്‌ എല്ലാവരും, സി.പി.എം ബന്ധമുള്ളവരാണ്‌. എന്ത് കൊണ്ട്‌ പരാതിക്കാരൻറെ കോൾ ലിസ്റ്റ്‌ മാത്രം എടുത്ത്‌ പരിശോധിക്കുന്നു? കണ്ണൂരിൽ നിന്നടക്കമുള്ള ഈ പ്രതികൾ ആരെയൊക്കെ വിളിച്ചു എന്ന് അന്വേഷിക്കണ്ടെ? അത്‌ അന്വേഷിച്ചാൽ, അത്‌ ഇടതുപക്ഷത്തെ ഉന്നതരിലേക്ക്‌ എത്തും എന്നത്‌ കൊണ്ടാണോ?. കേസിലെ പ്രതിയായ മാർട്ടിന് കൊടുങ്ങല്ലൂർ എം.എൽ.എ വി.ആർ. സുനിൽ കുമാറുമായി എന്താണ് ബന്ധം. അദ്ദേഹത്തിൻറെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇയാൾ സജീവമായിരുന്നു എന്നും ബി.ജെ.പി വാർത്താക്കുറിപ്പിൽ പറയുന്നു.