കൊൽക്കത്ത: ബംഗാളിൽ ലക്ഷങ്ങൾ വിലയുള്ള ദുരിതാശ്വാസ സാമഗ്രികൾ മോഷ്ടിച്ചെന്നാരോപിച്ച് ബി.ജെ.പി നേതാവും എം.എൽ.എയുമായ സുവേന്ദു അധികാരിയ്ക്കും സഹോദരനും മുൻ മുൻസിപ്പൽ അദ്ധ്യക്ഷൻ സൗമേന്ദു അധികാരിയ്ക്കും എതിരെ കേസ്. പുർബ മേദിനിപുർ ജില്ലയിലെ കാന്തി മുനിസിപ്പാലിറ്റിയിലാണ് സംഭവം. ദുരിതാശ്വാസ സാമഗ്രികൾ മോഷണം പോയെന്ന് കാട്ടി മുൻസിപ്പൽ അഡ്മിനിസ്ട്രേഷൻ ബോർഡ് അംഗം രത്നദീപ് മന്ന കാന്തി പൊലീസിൽ പരാതി നൽകിയിരുന്നു.മേയ് 29ന് സുവേന്ദു അധികാരിയുടെയും സഹോദരന്റേയും നിർദ്ദേശപ്രകാരം ദുരിതാശ്വാസ സാമഗ്രികൾ മുൻസിപ്പാലിറ്റി ഓഫിസ് ഗോഡൗണിൽ നിന്ന് ബലമായി പൂട്ടു തുറപ്പിച്ച് കടത്തുകയായിരുന്നു - പരാതിയിൽ പറയുന്നു.
സാമഗ്രികൾ കടത്താനായി ബി.ജെ.പി കേന്ദ്രസേനയെ ഉപയോഗിച്ചെന്നും പരാതിയിൽ പറയുന്നു. അതേസമയം, വിഷയത്തിൽ സുവേന്ദു പ്രതികരിച്ചിട്ടില്ല.
സർക്കാർ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കബളിപ്പിച്ച കേസിൽ സുവേന്ദുവിന്റെ അടുത്ത അനുയായിയായ രാഖൽ ബേറയെ പൊലീസ് അറസ്റ്റ് ചെയ്ത അന്നുതന്നെയാണ് സുവേന്ദുവിനെതിരായ കേസ് ഫയൽ ചെയ്തിരിക്കുന്നത്.