റോജർ ഫെഡററർ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറി
പിന്മാറ്റം കാൽമുട്ടിലെ വേദനയോട് പൊരുതി മൂന്നാം റൗണ്ടിലെ നാലുസെറ്റ് മത്സരത്തിൽ ജയിച്ച ശേഷം
പാരിസ്: കഴിഞ്ഞ വർഷം കാൽമുട്ടിൽ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്ന റോജർ ഫെഡറർ നാലു സെറ്റ് നീണ്ട പോരാട്ടത്തിൽ പൊരുതി ജയിച്ച് ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ പ്രീ ക്വാർട്ടറിലെത്തിയതിന് പിന്നാലെ ടൂർണമെന്റിൽ നിന്ന്് പിന്മാറി. മൂന്നാം റൗണ്ടിൽ ഡൊമിനിക്ക് കൊപ്ഫെയ്ക്കെതിരായ ഫെഡററുടെ പോരാട്ടം മത്സരം മൂന്ന് മണിക്കൂറും 35 മിനിറ്റുമാണ് നീണ്ടത്. 7-6(5), 6-7 (3), 7-6 (4), 7-5 എന്ന സ്കോറിനാണ് ഫെഡറർ ജയിച്ചത്.
കഴിഞ്ഞ 18 മാസത്തിനിടെ ഫെഡറർ കളിച്ച ഏറ്റവും ദൈർഘ്യമേറിയ മത്സരമായിരുന്നു ഇത്.
ഇത്രദീർഘമായ മത്സരം കാൽമുട്ടിന് താങ്ങാൻ കഴിയുന്നില്ലെങ്കിൽ ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് മത്സരശേഷം ഫെഡറർ പറഞ്ഞിരുന്നു.
ദീർഘനാളായി അലട്ടുന്ന വലത് കാൽമുട്ടിലെ പരിക്കിനാണ് ഫെഡറർ കഴിഞ്ഞ വർഷം രണ്ടു തവണ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.ഇതേത്തുടർന്ന് നിരവധി മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടിയും വന്നു. കളിക്കളത്തിലേക്കുള്ള തിരിച്ചുവരവിൽ പഴയഫോം പ്രകടമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
മനം മാറ്റത്തിന് കാരണം
ഒരിക്കൽക്കൂടി വിംബിൾഡൺ നേടണമെന്നതാണ് ഫെഡററുടെ ലക്ഷ്യം. ഫ്രഞ്ച് ഓപ്പണിൽ കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത് വിംബിൾഡൺ മോഹത്തിന് തടസമാകുമെന്ന് ഫെഡറർക്ക് തോന്നുന്നുണ്ട്. അതിനാലാണ് പിന്മാറാൻ തീരുമാനിച്ചത്. ഒരിക്കൽ മാത്രം ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായിട്ടുള്ള ഫെഡറർ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രണ്ട് തവണ മാത്രമാണ് ഇവിടെ കളിക്കാൻ തയ്യാറായിട്ടുള്ളത്.
ഇന്നായിരുന്നു പ്രീ ക്വാർട്ടർ
ഫ്രഞ്ച് ഓപ്പണിന്റെ പ്രീ ക്വാർട്ടറിൽ ഇന്ന് ഇറ്റാലിയൻ താരം മാറ്റിയോ ബറേറ്റിനിക്കെതിരെ ഫെഡറർ കളിക്കാനിറങ്ങേണ്ടതായിരുന്നു .