'ഫെമിനിസ്റ്റ്' എന്ന അടിക്കുറിപ്പോടെ നടി സുബി സുരേഷ് സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കീഴിൽ വിമർശനവുമായി സോഷ്യൽ മീഡിയ. കറുത്ത ഫ്രെയിമുള്ള വട്ടക്കണ്ണട ധരിച്ച്, മുടി തലയ്ക്ക് മുകളിലായി ചുറ്റിക്കെട്ടിവച്ചുകൊണ്ടുള്ള നടിയുടെ ഫോട്ടോയാണ് വിമർശനം ഏറ്റുവാങ്ങിയത്.
സുബിയുടെ ഫോട്ടോ സ്ത്രീപക്ഷ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരെ പരിഹസിക്കുന്ന തരത്തിലുള്ളതാണെന്നും ഫെമിനിസ്റ്റുകളെയാണ് സുബി ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും മറ്റുമാണ് ഫോട്ടോയ്ക്ക് കീഴിലായി ഒരു വിഭാഗം ആൾക്കാർ കമന്റിട്ടിരിക്കുന്നത്.
എന്നാൽ മറ്റൊരു കൂട്ടരാകട്ടെ, 'ഫെമിനിസത്തെ പരിഹസിച്ച' സുബിയെ അഭിനന്ദിക്കുന്നുണ്ട്. ഏതായാലും തന്റെ ഫോട്ടോയെയും ക്യാപ്‌ഷനെയും കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങൾ ശ്രദ്ധയിൽപെട്ടതോടെ ഇക്കാര്യത്തിൽ വിശദീകരണവുമായി സുബി സുരേഷ് രംഗത്തുവന്നിട്ടുണ്ട്.
ഒരു ചാനലിലെ, താൻ കൂടി ഭാഗമാകുന്ന ഒരു പരിപാടിയിലെ, കഥാപാത്രത്തിന്റെ വേഷവിധാനങ്ങളോടെ നിൽക്കുന്ന ഫോട്ടോ ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തതെന്നും അത് ഇത്ര വലിയ ചർച്ചയായി മാറുമെന്ന് കരുതിയില്ല എന്നുമാണ് സുബി വിശദീകരിക്കുന്നത്.
പലരും പല രീതിയിലാണ് തന്റെ ചിത്രത്തെ വ്യാഖ്യാനിച്ചതെന്നും തനിക്ക് ഫെമിനിസ്റ്റുകളോട് എതിർപ്പോ അടുപ്പമോ ഇല്ലായെന്നും തന്റെ സോഷ്യൽ മീഡിയാ കുറിപ്പിലൂടെ നടി വ്യക്തമാക്കുന്നു. വിവാദങ്ങൾക്ക് വഴി വയ്‌ക്കേണ്ട എന്നുകരുതി താൻ 'ഫെമിനിസ്റ്റ്' പോസ്റ്റ് തന്റെ ഫേസ്ബുക്ക് വാളിൽ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്നും സുബി അറിയിക്കുന്നു.
നടിയുടെ കുറിപ്പ് ചുവടെ:
'കൈരളി ചാനലില്‍ ഞാന്‍ ചെയ്യുന്ന കോമഡി തില്ലാന എന്ന പ്രോഗ്രാമിലെ ഒരു ക്യാരക്ടര്‍ ഫോട്ടോയാണിത്. വെറുതേ 'ഫെമിനിസ്റ്റ്' എന്ന് ക്യാപ്ഷനും ഇട്ടു. പിന്നെ ഒന്നും പറയേണ്ട... പലരും പല രീതിയിലാണ് ഈ പോസ്റ്റിനെ വ്യാഖ്യാനിച്ചത്. ഉള്ളതു പറയാമല്ലോ എനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന് ഗാഢമായ അറിവുമില്ല. വെറുതേ ഒരു വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്.'
content details: social media against subi suresh accusing her of posting photo that is against feminists.