shelly-an-frazer

കിംഗ്സ്റ്റൺ: ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ വനിതയെന്ന നേട്ടം സ്വന്തമാക്കി ജമൈക്കൻ അത്‌ലറ്റിക്സ് റാണി ഷെല്ലി ആൻ ഫ്രേസർ. ഇന്നലെ ജമൈക്കയിലെ കിംഗ്സ്റ്റണിൽ നടന്ന അത്‌ലറ്റിക്സ് മീറ്റിൽ 10.63 സെക്കൻഡിൽ ഫിനിഷ് ചെയ്തതാണ് ഷെല്ലി ഈ നേട്ടത്തിലേക്ക് ഓടിക്കയറിയത്.

വനിതകളുടെ 100 മീറ്ററിൽ കഴിഞ്ഞ 33 വർഷത്തിനിടെയുള്ള ഏറ്റവും മികച്ച സമയമാണ് കിംഗ്സ്റ്റണിൽ ഷെല്ലി കുറിച്ചത്.

2008 ബെയ്ജിംഗ് , 2012 ലണ്ടൻ ഒളിമ്പിക്സുകളിൽ 100 മീറ്ററിൽ സ്വർണം നേടിയിരുന്ന ഷെല്ലി 2016ലെ റിയോ ഒളിമ്പിക്സിൽ മൂന്നാം സ്ഥാനത്തായിപ്പോയിരുന്നു. അടുത്തമാസം ടോക്കിയോയിൽ തുടങ്ങുന്ന ഒളിമ്പിക്സിൽ ആ സ്വർണം തിരിച്ചുപിടിക്കാമെന്ന ഷെല്ലിയുടെ മോഹത്തിന് കുതിപ്പ് പകരുന്നതാണ് കിംഗ്സ്റ്റണിലെ കുതിപ്പ്.

10.49

അമേരിക്കൻ താരം ഫ്‌ളോറൻസ് ഗ്രിഫിത്ത് ജോയ്‌നറുടെ(ഫ്ളോ ജോ) പേരിലുള്ള 10.49 സെക്കൻഡാണ് വനിതകളുടെ 100 മീറ്ററിലെ ലോക റെക്കാഡ്.1988ലെ സ്യോൾ ഒളിമ്പിക്സിലാണ് ഫ്ളോ ജോ ഈ അസാമാന്യ വേഗം കുറിച്ചത്. ഇതേ ഒളിമ്പിക്സിൽ കുറിച്ച 200 മീറ്ററിലെ ലോക റെക്കാഡും (21.34s) ഇതേവരെ തിരുത്തിക്കുറിച്ചിട്ടില്ല.