k

കാസര്‍കോട്: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായി അടുത്ത ബന്ധമുള്ളയാളെന്ന് കെ. സുന്ദര അന്വേഷണ സംഘത്തിന് മൊഴി നൽകി. കുഴല്‍പ്പണ കേസില്‍ പൊലീസ് ചോദ്യം ചെയ്ത സുനില്‍ നായിക് എത്തിയാണ് പണം നല്‍കിയതെന്ന് സുന്ദര അന്വേഷണ സംഘത്തിന് മൊഴി നല്‍കി. സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും മൊഴിയില്‍ പറയുന്നു

പണം നല്‍കിയെന്ന വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന മൊഴി ലഭിച്ചെന്ന് പോലീസ് വ്യക്തമാക്കി. സുനില്‍ നായിക് സുന്ദരയുടെ വീട്ടിലെത്തിയതിന്റെ തെളിവുകള്‍ ലഭിച്ചു. സുന്ദരയ്ക്ക് ഒപ്പമുള്ള സുനില്‍ നായിക്കിന്റെ ഫോട്ടോകളാണ് പുറത്തുവന്നത്. കേസില്‍ സുന്ദരയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി.

യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷററാണ് സുനില്‍ നായിക്. മാര്‍ച്ച് 21ന് സുനില്‍ നായിക് ഒരു ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. സുന്ദര ബിഎസ്പി വിട്ടുവെന്നും കെ. സുരേന്ദ്രന് വേണ്ടി മഞ്ചേശ്വരത്ത് പ്രവര്‍ത്തിക്കുമെന്നുമായിരുന്നു പോസ്റ്റ്. ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചുകൊണ്ട് സുന്ദര മൊഴി നല്‍കിയിട്ടുണ്ട്.