kerala-football

പ്രതിഷേധം ശക്തമായതോടെ സ്വകാര്യ കമ്പനിക്ക് കേരള ഫുട്ബാളിനെ തീറെഴുതാനുള്ള ശ്രമത്തിൽ നിന്ന് പിന്നോട്ടുവലിഞ്ഞ് അസോസിയേഷൻ

തിരുവനന്തപുരം : ജില്ലാ അസോസിയേഷനുകളുടെയും മുൻ താരങ്ങളുടെയും ആരാധകരുടെയും പ്രതിഷേധം കടുത്തതോടെ ആത്മഹത്യാപരമായ വ്യവസ്ഥകളുമായി 12 കൊല്ലത്തേക്ക് സംസ്ഥാന ഫുട്ബാൾ അസോസിയേഷനെ സ്വകാര്യ കമ്പനിക്ക് തീറെഴുതാനുള്ള നീക്കത്തിൽ നിന്ന് കെ.എഫ്.എ പിന്നോട്ടു പോകുന്നു. ഇന്നലെ ജില്ലാ അസോസിയേഷനുകളുടെ പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ ചർച്ചയിലാണ് വിവാദ വ്യവസ്ഥകൾ ഒഴിവാക്കാമെന്ന രീതിയിലേക്ക് കെ.എഫ്.എ എത്തിയത്. വേണമെങ്കിൽ റീ ബിഡിംഗ് നടത്താമെന്നും കെ.എഫ്.എ സമ്മതിച്ചതായി അറിയുന്നു.

ബിഡ് ക്ഷണിക്കുന്നതിന് രണ്ട് ദിവസം മുമ്പുമാത്രം രൂപീകരിച്ച സ്വകാര്യ കമ്പനി കൺസോർഷ്യത്തിന് കെ.എഫ്.എയെ വിൽക്കാനുള്ള ശ്രമം കേരള കൗമുദി " കേരള ഫുട്ബാളിനെ കാർന്നുതിന്നുന്നവർ" എന്ന പരമ്പരയിലൂടെയാണ് വെളിച്ചത്തുകൊണ്ടുവന്നത്.ഈ കമ്പനി കൺസോർഷ്യത്തിലെ ഒരു കമ്പനി സ്ഥാപിച്ചത് കെ.എഫ്.എയുടെ പെയ്ഡ് സെക്രട്ടറിയാണെന്നതാണ് സംശയത്തിന് വഴിവച്ചത്. തുടർന്ന് കച്ചവടക്കരാറിലെ വ്യവസ്ഥകൾ പരിശോധിച്ചപ്പോൾ പൂർണമായും കമ്പനിക്ക് കെ.എഫ്.എയെ അടിയറവ് വയ്ക്കുന്നരീതിയിലായിരുന്നു. കളിക്കാരെയും ക്ളബുകളെയും പാടേ മറന്ന കരാർ വിവാദമായപ്പോൾ ദേദഗതി വരുത്താൻ കെ.എഫ്.എ തയ്യാറായി. എന്നാൽ ഫുട്ബാളിലേക്കുള്ള വരുമാനമെല്ലാം കമ്പനിയിലേക്ക് വരികയും ചെലവുകൾ കെ.എഫ്.എയുടെ തലയിലാക്കുകയും ചെയ്യുന്ന വിചിത്രമായ രീതിയിലായിരുന്നു ഭേദഗതി.

ക്ളബുകൾക്ക് സ്പോൺസർഷിപ്പായി ഒരു പന്തെങ്കിലും വാങ്ങാൻ പറ്റാത്തരീതിയിൽ ഭേദഗതി ചെയ്യപ്പെട്ട കരാറിനെക്കുറിച്ചാണ് ഓരോ ജില്ലാ അസോസിയേഷനുമായും ഒറ്റയ്ക്ക് ഓൺലൈൻ ചർച്ച തുടങ്ങിയിരിക്കുന്നത്.കെ.എഫ്.എയുടെചൊൽപ്പടിക്ക് നിൽക്കുന്ന ജില്ലാ അസോസിയേഷനുകൾ പോലും കടുത്ത ആശങ്കയാണ് പങ്കുവച്ചത്. കൊല്ലം,ആലപ്പുഴ,കോട്ടയം ജില്ലകളുടെ പ്രതിനിധികൾ കടുത്ത എതിർപ്പ് അറിയിച്ചപ്പോഴാണ് പിൻവലിയൽ സൂചനകൾ കെ.എഫ്.എ ഭാരവാഹികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്.ഫുട്ബാളിന്റെ ഈറ്റില്ലമായ മലബാറിലെ ജില്ലാ അസോസിയേഷനുകൾ കരാറിനെക്കുറിച്ച് വിശദമായി പഠിക്കാൻ സമയം ആവശ്യപ്പെട്ടിരിക്കുന്നതിനാൽ ചർച്ച പിന്നീട് നടക്കും. ഇവിടെയെല്ലാം കരാറിനോട് കടുത്ത എതിർപ്പാണ് ഉയർന്നിരിക്കുന്നത്.

അതേസമയം പ്രതിഷേധം തത്കാലം തണുപ്പിക്കാനുള്ള കെ.എഫ്.എയുടെ തന്ത്രമായാണ് പിൻവലിയൽ നയം മിക്ക ജില്ലാ അസോസിയേഷനുകളും കാണുന്നത്. എതിർത്തുനിൽക്കുന്നവരെ സമയമെ‌ടുത്ത് പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ കൂടെ നിറുത്തിയ ശേഷം ഇതേ കമ്പനിക്ക് വിൽക്കാനുള്ള ഗൂഡനീക്കം നടപ്പിലാക്കാനാണ് ശ്രമമെന്ന് അവർ സംശയിക്കുന്നു.