ffff

ലണ്ടൻ : സൗന്ദര്യ വർദ്ധനവിനായി പ്ലാസ്റ്റിക് സർജറികളെയും മറ്റും ആശ്രയിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് ഇത്തരം കോസ്മെറ്റിക് സർജറികൾ നടത്തുന്നത്. തങ്ങൾ ആരാധിക്കുന്നവരുടെ രൂപം കൈവരിക്കാൻ കോസ്മെറ്റിക് സർജറികൾ തുടരെ ചെയ്യുന്ന വിചിത്ര സ്വഭാവക്കാരുമുണ്ട്. അത്തരത്തിൽ ഒരാളാണ് യു.കെ സ്വദേശിയായ ജിമ്മി ഫെതർസ്റ്റോൺ. ലോകപ്രശസ്തമായ ബാർബി പാവകളുടെ നിർമ്മാതാക്കളായ മാറ്റെൽ കമ്പനിയുടെ ആൺ പാവയാണ് കെൻ. ബാർബിയെ പോലെ തന്നെ ഫാഷനബിളായ കെന്നിന്റെ രൂപം കൈവരിക്കാൻ 22 കാരനായ ജിമ്മി ഒരു വർഷത്തിനിടെ ചെലവഴിച്ച തുക എത്രയെന്ന് അറിയാമോ ? 14,000 ഡോളർ. അതായത് ഏകദേശം പത്ത് ലക്ഷത്തിലധികം രൂപ !

വെറും 22 വയസിനുള്ളിൽ ജിമ്മി കടന്നുപോയത് ലിപ് ഫില്ലർ, ചീക് ഇംപ്ലാന്റുകൾ, ബോട്ടെക്സ് തുടങ്ങി എണ്ണമറ്റ സൗന്ദര്യ വർദ്ധക പ്രക്രിയകളിലൂടെയാണ്. കെൻ ഡോളിനെ പോലെയാകാനാണ് ജിമ്മിയുടെ ഈ പെടാപ്പാട്. വടക്ക് കിഴക്കൻ ഇംഗ്ലണ്ടിലെ ഹൾ സ്വദേശിയായ ജിമ്മി ഒരു സുഹൃത്തിന്റെ ബൊട്ടീക്കിൽ ഡയറക്ടറായാണ് ജോലി ചെയ്യുന്നത്. പതിനാറാം വയസിൽ പഠനം നിറുത്തിയ ജിമ്മി അന്നുമുതൽ വിവിധ ജോലികൾ ചെയ്തു വരികയാണ്. അങ്ങനെ കൂട്ടിവയ്ക്കുന്ന തുകയാണ് തന്റെ ആഗ്രഹം പൂർത്തീകരിക്കാൻ ഉപയോഗിക്കുന്നത്.

ഹെയർ സ്റ്റൈലിന്റെ കാര്യത്തിൽ ജിമ്മിയ്ക്ക് പ്രത്യേക ശ്രദ്ധയാണ്. ജിമ്മിയുടെ കോസ്മെറ്റിക് സർജറികൾ തീർന്നിട്ടില്ല. ഇനി മൂക്ക് ശരിയാക്കാനുള്ള സർജറി ഉടൻ വേണമെന്നാണ് ജിമ്മി പറയുന്നത്. കെൻ പാവയെ പോലെ ആകുന്നത് വരെ അങ്ങനെ സർജറികൾ തുടർന്നു കൊണ്ടേയിരിക്കുമത്രെ. തന്റെ ജന്മദിനം ഉൾപ്പെടെയുള്ള ആഘോഷങ്ങളെല്ലാം അടിച്ചുപൊളിക്കുന്നതും ജിമ്മിയുടെ പതിവാണ്. ജീവിതം ആഘോഷിക്കാനുള്ളതല്ലേ എന്നാണ് ജിമ്മി ചോദിക്കുന്നത്. യു.കെയിൽ ഉടൻ ആരംഭിക്കാനിരിക്കുന്ന ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ജിമ്മി ഇപ്പോൾ.