കാബൂൾ: അഫ്ഗാനിസ്താനിൽ റോഡിലുണ്ടായ ബോംബ് സ്ഫോടനത്തിൽ കുട്ടികളടക്കം 11 പേർ കൊല്ലപ്പെട്ടു. ബദ്ഗിസ് പ്രവിശ്യയിലെ അബ്കാരി ജില്ലയിൽ ശനിയാഴ്ച വൈകിട്ട് അഞ്ചരയോടുകൂടിയാണ് സ്‌ഫോടനം നടന്നതെന്ന് ഗവർണർ ഖുദാബാദ് ത്വയ്യിബ് പറഞ്ഞു. റോഡരികിൽ ലാൻഡ് മൈൻ സ്ഥാപിച്ചതാണ് സ്‌ഫോടനത്തിന് കാരണം. താലിബാൻ ഭീകരരാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ടെങ്കിലും ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം ഇരുപതിലധികം പ്രദേശങ്ങളിൽ താലിബാൻ തീവ്രവാദികളും സുരക്ഷാ സേനയും ഏറ്റുമുട്ടിയതായാണ് റിപ്പോർട്ട്. നൂറിസ്ഥാൻ പ്രവിശ്യയിലെ ഒരു ജില്ലയുടെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തെന്നും സൂചനയുണ്ട്. കാബൂളിൽ ശനിയാഴ്ചയുണ്ടായ മറ്റൊരു ബോംബ് സ്‌ഫോടനത്തിൽ ഒരു വനിതാ ജേർണലിസ്റ്റ് ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു.