godman

സ്ത്രീപീഡനക്കേസിൽ ജയിലിൽ കഴിയുന്ന സ്വയം പ്രഖ്യാപിത ആൾദൈവം ഗുര്‍മീത് റാം റഹീമിന് കൊവിഡ് രോഗം ബാധിച്ചു. ഹരിയാനയിലെ സുരാനിയ ജയിലില്‍ ആയിരുന്ന ഗുര്‍മീതിനെ മുമ്പ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വയറുവേദന വന്നതിനാലാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇത് രണ്ടാം തവണയാണ് ഗുർമീതിനെ ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ടുപോകുന്നത്.

രണ്ടാഴ്ച മുമ്പ് ഇതേ ആശുപത്രിയില്‍ ഗുര്‍മീതിനെ പ്രവേശിപ്പിക്കുകയും ചികിത്സ നല്‍കുകയും ചെയ്തിരുന്നു. രക്ത സമ്മര്‍ദത്തെക്കുറിച്ച് പരാതിപ്പെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റി പ്രത്യേക മുറിയും പരിചരണവും നല്‍കിയിരുന്നു.

ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ തന്നെ ചികിത്സക്കായി നിയോഗിക്കുകയും ചെയ്തു. ഹരിയാനയിലെ സിർസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേരാ സച്ച സൗദ വിഭാഗത്തിന്റെ 53കാരനായ മേധാവിയായ ഗുര്‍മീത് തന്റെ രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്ത കേസിലാണ് ജയിലിലായത്. 2017 മുതല്‍ റോത്താക്കിലെ സുനാരിയ ജയിലില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് ഗുർമീത്.