e-sreedharan

​​​​ന്യൂഡൽഹി: കൊടകര കുഴൽപ്പണ കേസ് അടക്കം സംസ്ഥാന ബി ജെ പിയിൽ ഉടലെടുത്ത പ്രശ്‌നങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കടുത്ത അതൃപ്‌തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും നിർദേശ പ്രകാരം ഇ ശ്രീധരൻ, സി വി ആനന്ദബോസ്, തോമസ് ജേക്കബ് എന്നിവർ ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്രനേതൃത്വത്തിന് കൈമാറി. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിക്കൊപ്പം നിൽക്കുന്ന ഈ മൂന്നു പേരോടും എന്താണ് കേരളത്തിൽ നടന്നതെന്ന കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് റിപ്പോർട്ട് തേടിയിരുന്നു.

അമിത് ഷാ ഇവരെ നേരിട്ട് വിളിച്ച് എന്താണ് സംഭവിച്ചതെന്ന് കാര്യം അന്വേഷിച്ചറിയുകയും ചെയ്‌തു. ഫണ്ട് കൈകാര്യം ചെയ്‌തതിലെ പാളിച്ചകൾ അടക്കമുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. മൂന്ന് പേരുടേയും റിപ്പോർട്ടുകൾ ബി ജെ പി കേന്ദ്രനേതൃത്വത്തിന്‍റെ പരിഗണനയിലാണ്.

പാർട്ടി സംസ്ഥാന നേതൃത്വം പൂർണപരാജയമാണെന്ന തലത്തിലാണ് മൂന്ന് റിപ്പോർട്ടുകളും കേന്ദ്രത്തിലേക്ക് എത്തിയതെന്നാണ് സൂചന. സംസ്ഥാനത്തെ ചില സീറ്റുകളിൽ പാർട്ടിക്ക് ജയസാദ്ധ്യതയുണ്ടായിരുന്നുവെന്നും അവിടെ ജയിക്കാൻ ശ്രമിക്കുന്നതിന് പകരം പാർട്ടിയിലെ പടലപ്പിണക്കളാണ് ജനശ്രദ്ധ നേടിയതെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന നേതൃത്വം അവഗണിക്കുകയും ഒതുക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്ന് ചില നേതാക്കൾ പരാതിപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.

ഐക്യത്തോടെയല്ല ബി ജെ പി കേരളത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ചില സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളും ആശയക്കുഴപ്പവും പാർട്ടിക്ക് തിരിച്ചടിയായി. ഇ ശ്രീധരനടക്കമുള്ളവർ മത്സരരംഗത്തേക്ക് വന്നെങ്കിലും പാർട്ടിയുടെ പൂർണ പിന്തുണ ഇവർക്ക് ലഭിച്ചില്ല. തിരഞ്ഞെടുപ്പിൻ്റെ അന്തിമഘട്ടത്തിൽ പലയിടത്തും സ്ഥാനാർത്ഥികൾ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നു. ചില മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾക്ക് വലിയ രീതിയിൽ തിരഞ്ഞെടുപ്പ് ഫണ്ട് കിട്ടിയപ്പോൾ പലർക്കും ആ ഫണ്ട് എത്തിയില്ലെന്ന പരാതിയും ദേശീയ നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.