kodakara

​​​തൃശൂർ: കൊടകര കുഴൽപ്പണ കേസിലെ പരാതിക്കാരന്‍ ധർമ്മരാജൻ സ്‌പിരിറ്റ് കടത്ത് കേസിൽ പ്രതി. പന്നിയങ്കര, സുൽത്താൻ ബത്തേരി സ്റ്റേഷനുകളിലാണ് ധർമ്മരാജന് എതിരെ കേസുള്ളത്. ഇയാൾ ജയിലിൽ ഏഴുപത് ദിവസം കിടന്നിട്ടുണ്ട്. എന്നാൽ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്‌തിരിക്കുകയാണ്. ‌ധർമ്മരാജന്‍ ഉള്‍പ്പെട്ട കേസുകളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ച് വരികയാണ്. അറിയപ്പെടുന്ന ഒരു അബ്‌കാരി കൂടിയാണ് ധർമ്മരാജൻ. ഇയാളെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് വിശദമായി മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്‍റെ തീരുമാനം.

കൊടകര കുഴല്‍പ്പണ കേസില്‍ ബി ജെ പി ബന്ധത്തിന് കൂടുതൽ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ‌കവർച്ച നടന്ന ശേഷം ധർമ്മരാജൻ വിളിച്ചത് ഏഴു ബി ജെ പി നേതാക്കളെയെന്നാണ് കണ്ടെത്തല്‍. ആദ്യം വിളിച്ചിരിക്കുന്നത് സുരേന്ദ്രന്‍റെ മകനെയാണ്. സുരേന്ദ്രന്‍റെ മകന്‍റെ പേരിലുള്ള നമ്പരിലേക്ക് വിളിച്ച് 24 സെക്കൻഡാണ് സംസാരിച്ചത്. പണം നഷ്‌ടപ്പെട്ട വിവരം ബി ജെ പി നേതാക്കളെ അറിയിച്ചത് എന്തിനെന്ന് പൊലീസ് അന്വേഷിക്കും.

കേവലമൊരു ബി ജെ പി പ്രവ‍ർത്തകൻ മാത്രമല്ല ധ‍ർമ്മരാജനെന്നും കൃത്യമായ ക്രിമിനൽ പശ്ചാത്തലം ഇയാൾക്കുണ്ടെന്നുമാണ് പൊലീസിന്‍റെ കണ്ടെത്തൽ. അതേസമയം, കൊച്ചിയിൽ കഴിഞ്ഞ ദിവസം കുമ്മനവും വി മുരളീധരനുമടക്കുള്ള ഉന്നത ബി ജെ പി നേതാക്കൾ കൊച്ചിയിൽ പറഞ്ഞത് കള്ളപ്പണക്കേസിൽ പരാതിക്കാരൻ മാത്രമാണ് ധർമ്മരാജനെന്നും എന്തിനാണ് പൊലീസ് പരാതിക്കാരന്‍റെ ഫോൺ കോളുകൾ പരിശോധിക്കുന്നതെന്നുമാണ്. വാദിക്കാരന്‍റെ കോൾലിസ്റ്റിലുള്ളവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത് ബി ജെ പിയെ കരിവാരിതേയ്ക്കാൻ വേണ്ടിയാണെന്നും ബി ജെ പി നേതാക്കൾ ആരോപിച്ചിരുന്നു.