ഹിമാലയസാനുക്കളിലെ ആശ്രമങ്ങളിൽ ഗുരുകുല സമ്പ്രദായത്തിൽ പതിനാലരവർഷം നീണ്ട ആയുർവേദപഠനം, എം.ബി.ബി.എസിന് ഉന്നതമാർക്കോടെ വിജയം. നാഡിമിടിപ്പ് വിലയിരുത്തി രോഗം കണ്ടെത്താൻ അപൂർവസിദ്ധി. വൈദ്യരെന്ന വിളി കേൾക്കാൻ ഇഷ്ടം. അഞ്ചു പതിറ്റാണ്ട് പിന്നിട്ട ചികിത്സാസപര്യ. പുതുജീവനും ആരോഗ്യവും പകർന്നുനൽകിയത് ആയിരങ്ങൾക്ക്. വൈദ്യരത്നം ഡോ. രാഘവൻ രാമൻകുട്ടി ആയിരങ്ങൾക്ക് ദൈവതുല്യനാണ്. അദ്വൈതഭൂമിയായ കാലടിയിൽ പുതിയേടം ആസ്ഥാനമായ 'ദത്തത്രേയ ആയുർവേദ" ആരോഗ്യ സ്ഥാപനങ്ങളുടെ ചീഫ് ഫിസിഷ്യനാണ് അദ്ദേഹം.
ഇന്ത്യയിലും വിദേശത്തും പ്രിയങ്കരനായ വൈദ്യരും ഗുരുവും. ആധുനികവൈദ്യശാസ്ത്രം കൈവിട്ട നൂറുകണക്കിന് രോഗികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ഭിഷഗ്വരനാണ് രാഘവൻ വൈദ്യർ. യൂറോപ്പ് ഉൾപ്പെടെ 44 രാജ്യങ്ങ്യളിലെ 312 ആയുർവേദ ഡോക്ടർമാർക്ക് പരിശീലനവും നൽകി. സമാനതകളില്ലാത്ത ജീവിതം വിശ്രമമില്ലാതെ ഇന്നും തുടരുന്നു.നീണ്ട ചികിത്സകളിലും ഫലം ലഭിക്കാത്തവരാണ് രാഘവൻ വൈദ്യരെ തേടിയെത്തുന്നതിൽ കൂടുതൽ. ഹൃദ്രോഗം, കാൻസർ, ന്യുമോണിയ, വൃക്കകളുടെ തകരാർ, തൈറോയ്ഡ്, ശ്വാസകോശരോഗങ്ങൾ തുടങ്ങിയ സങ്കീർണമായ രോഗങ്ങൾ വൈദ്യരുടെ ചികിത്സയിൽ ഭേദമായിട്ടുണ്ട്. ശരീരം തളർന്നുപോയ കുട്ടികൾ ഉൾപ്പെടെ നിരവധിപേരെ ചികിത്സയിലൂടെ നടത്തിച്ചുവിട്ട മികവും അദ്ദേഹത്തിന് സ്വന്തമാണ്.
മൂന്നാറിൽ നിന്ന് ഹിമാലയത്തിലേയ്ക്ക്
ആലപ്പുഴ ജില്ലയിലെ ചന്തിരൂരിൽ കൊട്ടാരത്തിൽ രാമൻകുട്ടിയുടെയും കോവിൽപ്പെട്ടി തങ്കവടിവി (പൊന്നമ്മ) ന്റെയും മൂന്നു മക്കളിൽ മൂത്തയാളാണ് രാഘവൻ. പിതാവ് രാമൻകുട്ടിക്ക് മൂന്നാറിലായിരുന്നു ജോലി. രാഘവന്റെ ജീവിതം മാറ്റിമറിച്ചത് ധനഞ്ജയ ദത്താത്രേയ ദേവ് എന്ന ആയുർവേദ, നാഡീപരീക്ഷാ വിദഗ്ദ്ധനാണ്. ഭാരതീയജ്ഞാനം തലമുറകളിലൂടെ സംരക്ഷിക്കുന്ന ബംഗാളിലെ കുടുംബമാണ് നാലായിരം വർഷത്തിലേറെ പഴക്കമുള്ള ദത്താത്രേയ പരമ്പര. നേപ്പാൾ രാജകൊട്ടാരത്തിലെ ആത്മീയ ഉപദേശകർ. ആത്മീയതയും വൈദ്യവൃത്തിയുമാണ് പൈതൃകം. ചികിത്സയ്ക്ക് പ്രതിഫലം വാങ്ങരുതെന്ന് നിർബന്ധമുള്ളവർ. പിതാവ് മൃത്യുഞ്ജയ ദത്താത്രേയദേവിൽ നിന്ന് ആയുർവേദപഠനം പൂർത്തിയാക്കി ഇംഗ്ലണ്ടിൽ പോയി മെഡിക്കൽ ബിരുദം നേടിയിരുന്നു ധനഞ്ജയ ദത്താത്രേയ ദേവ്. ഇംഗ്ലണ്ടിൽ സുഹൃത്തായിരുന്ന തേയിലത്തോട്ടത്തിലെ ഉദ്യോഗസ്ഥനായ സായിപ്പിന്റെ അതിഥിയായി ധനഞ്ജയ ദത്താത്രേയ ദേവ് ഇടയ്ക്ക് മൂന്നാറിൽ വരും. രാഘവൻ നാലാം ക്ലാസിൽ പഠിക്കുന്ന കാലം. വാഴപ്പഴം കഴിച്ചാലുടൻ മലവിസർജനത്തിന് തോന്നുന്ന അവസ്ഥ രാഘവനുണ്ടായിരുന്നു. അതിന് ചികിത്സ തേടിയാണ് രാഘവനെ പിതാവ് ദത്താത്രേയ ദേവിനടുത്ത് കൊണ്ടുപോയത്. ഒരു പഴം കൊടുത്ത് കഴിക്കാൻ പറഞ്ഞു. പഴം കഴിച്ചെങ്കിലും പതിവ് തേന്നലില്ല. പിന്നീടൊരിക്കലും തനിക്ക് പ്രശ്നമുണ്ടായിട്ടില്ലെന്ന് രാഘവൻ വൈദ്യർ ഓർമിക്കുന്നു. പഠിക്കാൻ മിടുക്കനായിരുന്നു രാഘവൻ. ഒരിക്കൽ ദത്താത്രേയ ഒരു സംസ്കൃതശ്ലോകം രാഘവന് പറഞ്ഞുകൊടുത്തു. മിനിറ്റുകൾക്കകം ശ്ലോകം മനഃപ്പാഠമാക്കി രാഘവൻ ചൊല്ലിക്കേൾപ്പിച്ചു. മന്ത്രം പോലുള്ള ചൊല്ലൽ ദത്താത്രേയ ദേവിനെ ആകർഷിച്ചു. ദിവസവും ഓരോ ശ്ളോകങ്ങൾ പറഞ്ഞുകൊടുക്കും. കേട്ടുപഠിച്ച് രാഘവൻ ചൊല്ലും. രാഘവന്റെ കഴിവുകൾ ദേവ് തിരിച്ചറിഞ്ഞു. അറിയാനുള്ള രാഘവന്റെ ജിജ്ഞാസ അദ്ദേഹം ശ്രദ്ധിച്ചു. രാഘവന് ഒമ്പത് വയസുള്ള കാലം. മൂന്നാറിലെ സന്ദർശനം കഴിഞ്ഞ് മടങ്ങും മുമ്പ് പിതാവിനോട് ചോദിച്ചു. "ഈ കുട്ടിയെ ഞാൻ പഠിപ്പിക്കാം. എന്റെയൊപ്പം വിടുമോ?" നിറഞ്ഞ മനസോടെ പിതാവ് അനുമതി നൽകി. ബംഗാളിലേയ്ക്ക് രാഘവൻ യാത്രയായി. പതിനാലര വർഷം ഗുരുകുലസമ്പ്രദായത്തിൽ പഠനം.
നാഡി തൊട്ടറിയും മനസും ശരീരവും
രോഗം നിർണയിക്കുന്നതിന് നാഡീപരിശോധനയാണ് ദത്താത്രേയ പരമ്പര സ്വീകരിക്കുന്നത്. ശരീരത്തിനും മനസിനും സംഭവിക്കുന്ന അനുഭവങ്ങൾ നാഡിമിടിപ്പ് അതിസൂക്ഷ്മമായി വിലയിരുത്തി രോഗത്തിന്റെ കാരണം കണ്ടെത്തുന്ന രീതി. പരിചയസമ്പന്നനായ വൈദ്യർക്കേ ഇത് സാദ്ധ്യമാകൂ. അതിസൂക്ഷ്മമായ കമ്പനങ്ങളെ തിരിച്ചറിഞ്ഞ് രോഗകാരണങ്ങൾ കണ്ടെത്തുന്ന രീതിയാണിത്. നാഡീപരീക്ഷ സിദ്ധിയും ശിഷ്യന് ഗുരു പകർന്നുനൽകി. ഹിമാലയത്തിന്റെ താഴ്വരയിൽ ദത്താത്രേയ ആശ്രമത്തിലും ഋഷികേശിൽ കൈലാസാശ്രമത്തിലും താമസിച്ച് പഠിച്ചു. ദത്താത്രേയ കുടുംബത്തിന്റെ ചരിത്രം തിരുത്താനും രാഘവൻ കാരണമായി. ദത്താത്രേയ പരമ്പരയിൽ പിതാവ് തന്നെയാണ് ഗുരുനാഥൻ. മക്കളെയേ വൈദ്യശാസ്ത്രം പഠിപ്പിക്കൂ. പൈതൃകമല്ല, അർഹതയുള്ള ജിജ്ഞാസുക്കൾക്കാണ് വൈദ്യശാസ്ത്രം നൽകേണ്ടതെന്ന നിലപാട് കുടുംബത്തെ അംഗീകരിപ്പിക്കാൻ ധനഞ്ജയ ദത്തത്രേയ ദേവിന് കഴിഞ്ഞു. രാഘവൻ ഉൾപ്പെടെ അഞ്ചുപേരെ തിരഞ്ഞെടുത്താണ് വൈദ്യം പഠിപ്പിച്ചത്. ഗുരുവില്ലായിരുന്നെങ്കിൽ രാഘവൻ വൈദ്യർ ഉണ്ടാകില്ലായിരുന്നെന്ന് അദ്ദേഹം കൈകൂപ്പി പറയുന്നു. ഋഷികേശിൽ പരിശീലനം പ്രായോഗികമാണ്. സർപ്പബാധയെപ്പറ്റി പഠിപ്പിക്കാൻ ശിഷ്യരെ വനത്തിൽ കൊണ്ടുപോകും. സർപ്പത്തെ കണ്ടെത്തി ഗുരു വെറും കൈകൊണ്ട് പിടിക്കും. ശിഷ്യരെ കാണിച്ച് ഓരോ കാര്യങ്ങളും പഠിപ്പിക്കും. ശിഷ്യർക്ക് കൈയുറയും കാലിൽ ബൂട്ടും ധരിപ്പിച്ചാണ് വനത്തിൽ കയറ്റുക. വനത്തിലെത്തുന്ന ഗുരുവിന്റെ തോളിൽ കാട്ടുപക്ഷികൾ പറന്നിരിക്കുന്നത് കണ്ടിട്ടുണ്ടെന്ന് രാഘവൻ ഓർക്കുന്നു. ഒമ്പതാം വയസിൽ ഗുരുവിൽ നിന്ന് ആരംഭിച്ച പഠനം പതിനാലര വർഷം നീണ്ടു. സംസ്കൃതം, വേദം, ഫിലോസഫി തുടങ്ങിയവ ഹിമാലയത്തിലെ നിരവധി ഋഷിമാരിൽ നിന്ന് പഠിച്ചു. ഫിസിയോതെറാപ്പിയും പഠിച്ചു. ഇരുപത്തിനാലാം വയസിൽ വൈദ്യരത്നം പദവിയും സ്വന്തമാക്കി.
സന്യാസം നിഷേധിച്ച് ഗുരു
ദത്താത്രേയ പരമ്പരയിൽ സന്യാസിയായി മാറാനായിരുന്നു ശ്രീനാരായണഗുരുദേവ ഭക്തൻ കൂടിയായ രാഘവന് താല്പര്യം. പഠനം പൂർത്തിയായപ്പോൾ മാതാപിതാക്കളുടെ അനുമതി വാങ്ങിവരാൻ പറഞ്ഞ് രാഘവനെ നാട്ടിലേയ്ക്ക് അയച്ചു. മകൻ വിവാഹിതനായി നാട്ടിൽ നിൽക്കാനായിരുന്നു അച്ഛനും അമ്മയ്ക്കും ആഗ്രഹം. രാഘവൻ യോജിച്ചില്ല. ട്രങ്ക് കോൾ ബുക്ക് ചെയ്ത് കാത്തിരുന്ന് ഗുരുവിനെ വിളിച്ചു. 'അച്ഛനെ അനുസരിക്കുക. നൂറു ഗുരുക്കന്മാർക്ക് തുല്യനാണ് അച്ഛൻ." ഗുരു മറുപടി നൽകി. നാട്ടിൽ തിരിച്ചെത്തിയെങ്കിലും പഠിക്കാനുള്ള ത്വര ശക്തമായിരുന്നു. വൈദ്യവൃത്തിയ്ക്കിടെ കെമിസ്ട്രിയിൽ ഒന്നാം റാങ്കോടെ ബിരുദം നേടി. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് 1968 ബാച്ചിൽ എം.ബി.ബി.എസും വിജയിച്ചു. എമർജൻസി മെഡിസിനിൽ രണ്ടുവർഷം മെഡിക്കൽ കോളേജിൽ പരിശീലനവും നേടി. ഗാന്ധിയൻ സ്റ്റഡീസിൽ എം.എ, എൽ.എൽ.ബി എന്നിവയും നേടി. ഡയബറ്റോളജി, അക്യുപങ്ചർ എന്നിവയിൽ പി.ജി. ഡിപ്ലോമയും നേടിയിട്ടുണ്ട്. ജ്യോതിഷം, നാട്യശാസ്ത്രം, മാർഷ്യൽ ആർട്സ് എന്നിവയും പഠിച്ചു. ഹൈന്ദവഗ്രന്ഥങ്ങൾക്ക് പുറമേ ബൈബിൾ, ഖുറാൻ എന്നിവയിലും പാണ്ഡിത്യം നേടിയിട്ടുണ്ട്.
രോഗം കണ്ടെത്താൻ അലോപ്പതി
എം.ബി.ബി.എസുകാരനാണെങ്കിലും അലോപ്പതി ചികിത്സ നടത്തിയിട്ടില്ല. ആയുർവേദം മാത്രം. "സിദ്ധാന്തത്തിൽ ഉറപ്പിച്ചതാണ് ആയുർവേദം. നാലായിരത്തിലേറെ വർഷത്തെ ആയുർവേദ പാരമ്പര്യം ഇന്ത്യയ്ക്കുണ്ട്. ചരകനും സുശ്രുതനും തയ്യാറാക്കിയ സംഹിതകൾ സമഗ്രമാണ്. ആയുർവേദം ആരോഗ്യശാസ്ത്രം മാത്രമല്ല. പ്രകൃതിയോടുള്ള സംയോജനം കൂടിയാണ്. മണ്ണിൽ വളരുന്ന ചെടികളിൽ നിന്നാണ് ഔഷധം ഒരുക്കുന്നത്. വേദങ്ങളുടെയും ആത്മീയതയുടെയും പിൻബലവും കരുത്തുമുണ്ട്." രാഘവൻ വൈദ്യർ പറയുന്നു.
രോഗനിർണയത്തിന് സ്കാനിംഗും എക്സ്റേയുമുൾപ്പെടെ ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കും. രോഗകാരണങ്ങൾ സൂക്ഷ്മമായി മനസിലാക്കുന്നത് ഏതുതരം ചികിത്സയ്ക്കും പൂർണഫലം നേടാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാഡി പരിശോധിച്ച് തിരിച്ചറിഞ്ഞ കാര്യങ്ങൾ രോഗിയെയോ ബന്ധുക്കളെയോ ബോദ്ധ്യപ്പെടുത്താൻ സ്കാനിംഗ് ഉൾപ്പെടെ നിർദേശിക്കാൻ മടിക്കാറില്ല. 'ഒന്നിനെയും തള്ളുകയല്ല, എല്ലാത്തിനേയും ഉൾക്കൊള്ളുന്നതാണ് ഭാരത സംസ്കാരം." അദ്ദേഹം പറഞ്ഞു.
മർമ്മം നാഡീപരീക്ഷ
നാഡീപരീക്ഷയാണ് രാഘവൻ വൈദ്യരുടെ ചികിത്സയുടെ മർമ്മം. 'അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുന്ന കുഞ്ഞിന്റെ വിവരങ്ങൾ വരെ നാഡീശാസ്ത്രത്തിലൂടെ മനസിലാക്കാൻ കഴിയും. നാഡീപരിശോധനയിലൂടെ വ്യക്തിയുടെ ശാരീരിക, മാനസിക ഘടനയും മരുന്നുകളോട് പ്രതികരിക്കുന്ന വിധവും അറിയാൻ കഴിയും. അതുവഴി ഓരോ രോഗികൾക്കും ആവശ്യമായ മരുന്നുകൾ പ്രത്യേകം തയ്യാറാക്കി നൽകിയാണ് ചികിത്സ." ചികിത്സയ്ക്കാവശ്യമായ കഷായങ്ങളും മറ്റു മരുന്നുകളും വിവിധതരം എണ്ണകളും സ്വന്തമായി നിർമ്മിക്കുകയാണ്. ഔഷധികൾക്കായി തോട്ടങ്ങൾ വിവിധ സ്ഥലങ്ങളിൽ സ്വന്തമായുണ്ട്. ഏറ്റവും ഗുണനിലവാരമുള്ള ഔഷധച്ചെടികളാണ് മരുന്നുണ്ടാക്കാൻ ഉപയോഗിക്കുക. തനിക്ക് ലഭിച്ച അറിവുകൾ ഭാവിതലമുറയ്ക്കായി ഡിജിറ്റൽ രൂപത്തിൽ ശേഖരിച്ചിട്ടുണ്ട്. ചികിത്സിച്ചതിന്റെ വിവരങ്ങൾ, പ്രഭാഷണങ്ങൾ, പൗരാണികഗ്രന്ഥങ്ങൾ തുടങ്ങിയവയെല്ലാം ഭാര്യ ശാരദയുടെ നേതൃത്വത്തിലാണ് ഡിജിറ്റലായി ശേഖരിക്കുന്നത്. വെബ്സൈറ്റ്, യൂട്യൂബ്, സാമൂഹികമാദ്ധ്യമങ്ങൾ എന്നിവയിലൂടെ അവ പങ്കിടുന്നുണ്ട്.
കൊവിഡിനെയും നേരിടാം
കൊവിഡിനും അനന്തരപ്രശ്നങ്ങൾക്കും ചികിത്സയും അദ്ദേഹം നൽകുന്നുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഔഷധങ്ങളും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ചിക്കൻ ഗുനിയയുടെ കാലത്ത് ഡൽഹിയിലുൾപ്പെടെ 72 ക്യാമ്പുകളിൽ 16,700 ഓളം പേരെ ചികിത്സിച്ചു. പ്രത്യേക കഷായവും ധാരയുമായിരുന്നു ചികിത്സ. അർഹരായവർക്ക് പൂർണമായോ ഭാഗിക ഇളവുകളോടെയും ചികിത്സ നൽകുന്നതാണ് രീതി. എല്ലാവർഷവും നിശ്ചിതവിഹിതം പാവപ്പെട്ട രോഗികൾക്ക് സൗജന്യചികിത്സയ്ക്ക് നീക്കിവയ്ക്കുന്നുണ്ട്. വിദേശികൾക്കും മറ്റും താമസിച്ച് ചികിത്സിക്കാൻ കോട്ടേജ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
വൈദ്യരുടെ വഴിയേ മക്കളും
ദത്താത്രേയ ആയുർവേദ എന്ന പേരിലാണ് ഡോ. രാഘവന്റെ ചികിത്സാകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. എറണാകുളം ജില്ലയിൽ നെടുമ്പാശേരി വിമാനത്താവളത്തിനും കാലടിക്കും സമീപം പെരിയാർ തീരത്ത് കാഞ്ഞൂർ പുതിയേടമാണ് ആസ്ഥാനം. ഡൽഹിയിൽ ഗ്രേറ്റർ നോയിഡയിലെ എൻ.ആർ.ഐ സിറ്റിയിലും കേന്ദ്രമുണ്ട്. ബാൽക്കൺ രാജ്യമായ മൊണ്ടേനെഗ്രോയുടെ തലസ്ഥാനമായ പൊഡോഗോറിക്കയിലും സ്വന്തം ചികിത്സാകേന്ദ്രമുണ്ട്. പൊന്നമ്മയാണ് ആദ്യഭാര്യ. ആറു മക്കൾ. മൂത്ത മകൻ ശ്യാംപ്രസാദ് അലോപ്പതി ഡോക്ടറാണ്. ഗീതസുന്ദർ, പ്രശാന്ത് രാഘവൻ, പ്രദീപ് രാഘവൻ, പ്രബോദ് രാഘവൻ എന്നിവർ ആയുർവേദ ഡോക്ടർമാരാണ്. ഇളയമകൻ പാത്ഥേശ്വരൻ രാഘവൻ മറൈൻ എൻജിനീയറാണ്. രണ്ടാം ഭാര്യ ശാരദ രാഘവാണ് ഇന്ത്യയിലും വിദേശത്തുമുള്ള ദത്താത്രേയ സ്ഥാപനങ്ങളുടെ മേൽനോട്ടം നിർവഹിക്കുന്നത്.