pinarayi-vijayan

​​​തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസിൽ സര്‍ക്കാര്‍ ഒത്തുകളിച്ചെന്ന് പറയിക്കരുതെന്ന് ഷാഫി പറമ്പില്‍. ഒരു കുഴലിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന നിലയാകരുതെന്നും ഷാഫി തുറന്നടിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശനും രംഗത്തെത്തി. ബി ജെ പി പങ്ക് എടുത്തുപറയുന്നില്ലെന്നും കെ സുരേന്ദ്രന്‍റെ പേരു പോലും മുഖ്യമന്ത്രി പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഒമ്പതര കോടി കൊണ്ടുവന്നെന്ന് പൊലീസ് പറയുന്നു. ഇതിൽ എത്ര കോടി പിടിച്ചെടുത്തെന്നും സതീശൻ ചോദിച്ചു.

സർക്കാർ കൊടകര കേസിൽ ഒത്തുകളിക്കുന്നെന്നും ഇതിന് തെളിവുണ്ടെന്നും പറഞ്ഞ പ്രതിപക്ഷ നേതാവിനോട് വിവരം പോക്കറ്റിലുണ്ടെങ്കിൽ കാത്തുനിൽക്കാതെ പുറത്തുവിടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒത്തുതീർപ്പുകാർ ആരാണെന്ന് എല്ലാവർക്കുമറിയാം. ഒരു പ്രതി പോലും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊടകര കുഴല്‍പ്പണ കേസിന്‍റെ അന്വേഷണ പുരോഗതി മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. കൊടകര കേസില്‍ അന്വേഷണം തുടരുകയാണ്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തൃശൂര്‍ റേഞ്ച് ഡി ഐ ജിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

20 പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്‌തിട്ടുണ്ട്. 1.12 കോടി രൂപയും സ്വര്‍ണവും ഇതിനകം പിടികൂടിയിട്ടുണ്ട്. 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇ ഡി കേരളാപൊലീസിനോട് ആവശ്യപ്പെട്ട രേഖകള്‍ ജൂണ്‍ ഒന്നിന് കൈമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണ്. അതുകൊണ്ട് തന്നെ സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.