lockdown

​​​തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടരണമോ എന്നതിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ ആകുംവരെ നിയന്ത്രണങ്ങൾ തുടരണം എന്ന അഭിപ്രായം ഒരു വിഭാഗം ആരോഗ്യ പ്രവർത്തകർക്കുണ്ട്. നിലവില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ രോഗികളുടെ എണ്ണം കൂടുമെന്നാണ് ഇവരുടെ അഭിപ്രായം.

സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ പതിനായിരത്തിന് തൊട്ടടുത്ത് എത്തിനിൽക്കുകയാണ്. സർക്കാർ കണക്കുകൾ പ്രകാരം ഇതുവരെ ഒമ്പതിനായിരത്തി തൊള്ളായിരത്തി നാൽപ്പത്തിയാറ് മരണങ്ങളാണ് സ്ഥീരീകരിച്ചത്. ഇന്നലത്തെ പ്രതിദിന മരണം 227 ആണ്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന മരണ സംഖ്യയാണിത്. മരിച്ചവരിൽ രണ്ടായിരത്തി അറുന്നൂറിലേറെ പേർ അറുപത് വയസിന് താഴെയുള്ളവരാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയിൽ ചേരുന്ന അവലോകനയോഗമായിരിക്കും ലോക്ക്ഡൗണിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കുക. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ചശേഷമായിരിക്കും തീരുമാനം.

രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞുവരുമെന്നതിനാല്‍ ലോക്ക്‌ഡൗണുകളിൽ ഇളവുകൾ നൽകി തുടങ്ങാമെന്ന നിർദേശം ചർച്ച ചെയ്യും. രണ്ടാം തരംഗത്തിൽ ടി പി ആർ 30ൽ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്ന് കുറഞ്ഞെങ്കിലും അതിനുശേഷം കാര്യമായ കുറവുണ്ടായില്ല. തുടർന്നാണ് മറ്റന്നാൾ വരെ നിബന്ധനകൾ കർശനമാക്കിയത്.

കടുത്ത നിയന്ത്രണങ്ങൾ ജനജീവിതത്തെ സാരമായി ബാധിച്ചതിനാല്‍ രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ മാത്രം നിയന്ത്രണങ്ങൾ തുടർന്നാൽ മതിയെന്ന നിർദേശവും സർക്കാരിന് മുന്നിലുണ്ട്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താകും സര്‍ക്കാര്‍ തീരുമാനം