സെയിന്റ് ജോൺസ്: പിടിയിലായ വിവാദ രത്നവ്യാപാരി മെഹുൽ ചോക്‌സിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ആന്റിഗ്വ ആന്റ് ബാർബഡ പ്രധാനമന്ത്രി ഗാസ്‌റ്റൺ ബ്രൗൺ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. തട്ടിക്കൊണ്ടുപോയവരുടെ വിവരങ്ങൾ ചോക്‌സിയുടെ അഭിഭാഷകൻ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേയ് 23നായിരുന്നു ചോക്‌സിയെ തട്ടിക്കൊണ്ടുപോയതെന്ന് ആന്റിഗ്വൻ പൊലീസ് കമ്മീഷണർ പറഞ്ഞു.എന്നാൽ ഈ തട്ടിക്കൊണ്ട് പോകലും ചോക്‌സിയുടെ തട്ടിപ്പാണെന്നാണ് ആന്റിഗ്വൻ പൊലീസ് വിശ്വസിക്കുന്നത്.
ആന്റിഗ്വൻ സർക്കാർ തന്നെ ഇന്ത്യയ്‌ക്ക് കൈമാറുമെന്ന് മനസിലാക്കിയ ചോക്‌സി പുറത്തിറക്കിയ നാടകമാണ് തട്ടിക്കൊണ്ടുപോകൽ. 'ആന്റിഗ്വൻ സംസ്‌കാരത്തിൽ അത്തരം തട്ടിക്കൊണ്ടുപോകൽ പതിവില്ല. എന്നാലും അദ്ദേഹം നൽകിയവരുടെ ലിസ്‌റ്റ് നോക്കി അന്വേഷണം നടത്തും' ഗാസ്‌റ്റൺ ബ്രൗൺ പറഞ്ഞു.
ചോക്‌സിയെ കുടുക്കാൻ മൂന്ന് രാജ്യങ്ങൾ ചേർന്നുളള പദ്ധതിയാണെന്ന അദ്ദേഹത്തിന്റെ വാദത്തെ ബ്രൗൺ തളളി. അത്തരത്തിൽ ഒരു ആലോചനയും ഉണ്ടായിട്ടില്ലെന്ന് ബ്രാൺ വ്യക്തമാക്കി.
13,500 കോടി രൂപയുടെ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ പ്രതിയായതോടെയാണ് ചോക്‌സി ഇന്ത്യവിട്ട് കരീബിയൻ രാജ്യമായ ആന്റിഗ്വ ആന്റ് ബാർബഡയിലേക്ക് പോയത്. 2018മുതൽ ഇവിടെ താമസിക്കുന്ന ചോക്‌സി ഇന്ത്യൻ സംഘം ഇവിടെ എത്തും മുൻപാണ് ഡൊമിനിക്കയിലേക്ക് അനധികൃതമായി കടന്നത്.