ലണ്ടൻ: ഇംഗ്ളണ്ടിനു വേണ്ടിയുള്ള തൻ്റെ ആരങ്ങേറ്റ മത്സരത്തിൽ തന്നെ മികച്ച പ്രകടനം നടത്തി എല്ലാവരുടേയും അഭിനന്ദനങ്ങൾക്കു നടുവിൽ നിൽക്കുകയായിരുന്ന ഇംഗ്ളണ്ട് ഫാസ്റ്റ് ബൗളർ ഒലീ റോബിൻസണിനെ കാത്തിരുന്നത് സസ്പെൻഷൻ വാർത്ത. ഒൻപതു വർഷങ്ങൾക്കു മുമ്പ് തൻ്റെ കൗമാരക്കാലത്ത് മുസ്ലീം ജനതയെ തീവ്രവാദികൾ എന്ന രീതിയിൽ ചിത്രീകരിച്ചും ഏഷ്യൻ പാരമ്പര്യത്തിൽ ഉള്ളവരെ അവഹേളിക്കുന്ന തരത്തിലും ചെയ്ത നിരവധി ട്വീറ്റുകൾ ആരോ കുത്തിപ്പൊക്കിയതാണ് താരത്തിന് വിനയായത്. ഇപ്പോൾ അന്വേഷണ വിധേയമായി അന്താരാഷ്ട്ര ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും ഇംഗ്ളണ്ട് ക്രിക്കറ്റ് ബോർഡ് റോബിൻസണിനെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
ഞായറാഴ്ച ലോർഡ്സിൽ അവസാനിച്ച ഇംഗ്ളണ്ട്-ന്യൂസിലാൻഡ് ആദ്യ ടെസ്റ്റ് മത്സരമായിരുന്നു 27ക്കാരനായ റോബിൻസണിൻ്റെ ആദ്യ രാജ്യാന്തര മത്സരം. സമനിലയിൽ അവസാനിച്ച മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ 75 റൺസ് നൽകി നാലു വിക്കറ്റുകളും രണ്ടാം ഇന്നിംഗ്സിൽ 26 റൺസ് നൽകി മൂന്ന് വിക്കറ്റുകളും വീഴ്ത്തിയ റോബിൻസൺ ബാറ്റുകൊണ്ടും മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാൽ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനമായ ബുധനാഴ്ച തന്നെ 2012-2013 കാലഘട്ടത്തിൽ ചെയ്ത റോബിൻസണിൻ്റെ ട്വീറ്റുകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചാവിഷയമായി കഴിഞ്ഞിരുന്നു.
വംശവെറിക്ക് എതിരെയുള്ള പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇംഗ്ളണ്ടിൻ്റെയും ന്യൂസിലാൻഡിൻ്റെയും താരങ്ങൾ ആദ്യടെസ്റ്റിനു മുമ്പായി ഗ്രൗണ്ടിൽ അണിനിരന്നിരുന്നു. ഇതിൻ്റെ ചിത്രങ്ങൾ സഹിതമാണ് റോബിൻസണിൻ്റെ പഴയ ട്വീറ്റുകൾ പ്രചരിക്കുവാൻ തുടങ്ങിയത്. ക്രിക്കറ്റ് താരം ഉടൻ തന്നെ മാപ്പു പറഞ്ഞെങ്കിലും ഇംഗ്ളണ്ട് ക്രിക്കറ്റ് ബോർഡോ ആരാധകരോ താരത്തിൻ്റെ പ്രവൃത്തികൾ ക്ഷമിക്കുവാൻ തയ്യാറായിരുന്നില്ല.
സസ്പെൻഷനെ തുടർന്ന് തൻ്റെ അന്നത്തെ പ്രവൃത്തികളിൽ തനിക്ക് കുറ്റബോധമുണ്ടെന്നും തന്നെ ദയവുചെയ്ച് ഒരു വംശീയവെറിക്കാരനായോ സ്ത്രീകളെ ബഹുമാനിക്കാത്ത വ്യക്തിയായോ കണക്കാക്കരുതെന്ന് റോബിൻസൺ തൻ്റെ ക്ഷമാപണത്തിൽ അഭ്യർത്ഥിച്ചിരുന്നു. റോബിൻസണിൻ്റെ ട്വീറ്റുകൾ അവിശ്വസനീയമായിരുന്നുവെന്നും എന്നാൽ താരം തൻ്റെ പ്രവൃത്തികളിൽ പശ്ചാത്തപിക്കുന്നുണ്ടെന്നും ഇംഗ്ളണ്ട് ക്യാപ്ടൻ ജോ റൂട്ട് പറഞ്ഞു.
എന്നാൽ ഒരിക്കലും അംഗീകരിക്കുവാൻ കഴിയാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും മേലിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കേണ്ടതിനെ കുറിച്ചാണ് ഇനി ആലോചിക്കേണ്ടതെന്നും റൂട്ട് പറഞ്ഞു.
കൗണ്ടി ക്രിക്കറ്റിൽ സസക്സ് ക്ളബിനു വേണ്ടി കളിക്കുന്ന റോബിൻസണിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുമുള്ള വിലക്ക് ബാധകമാകില്ല.