bride

പ്രയാഗ്‌രാജ്: വിവാഹദിവസം വരനും കൂട്ടുകാരും മദ്യപിച്ച് നേരെ നിൽക്കാൻ പോലും കഴിയാതെയെത്തിയതിനെ തുടർന്ന് വിവാഹം മുടങ്ങി. യു.പിയിലെ പ്രയാഗ്‌രാജിലാണ് സംഭവം. മദ്യപിച്ചെത്തിയ വരനും സുഹൃത്തുക്കളും വധുവിനോട് തന്റെ കൂട്ടുകാരുടെ മുന്നിൽ നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടു. വധു ആവശ്യം നിരസിച്ചപ്പോൾ വരൻ ബന്ധുക്കൾക്ക് നേരെ തിരിഞ്ഞു. സഹിക്കാൻ കഴിയാതെ വന്നതോടെ ഈ കല്യാണം വേണ്ടെന്ന് അറിയിച്ച് 22കാരിയായ വധു വിവാഹത്തിൽ നിന്ന് പിന്മാറി.

വധുവിന്റെ ബന്ധുക്കളോട് വരൻ തട്ടിക്കയറിയതോടെ അവർ വരനെ ബന്ദിയാക്കി. വിവാഹത്തിന് വരനും കുടുംബത്തിനും നൽകിയ പണം തിരികെ തന്നശേഷം പോയാൽ മതിയെന്ന് അവർ ആവശ്യപ്പെട്ടു. പ്രശ്‌നം അറിയിച്ച് വരനും ബന്ധുക്കളും പൊലീസിനെ വിളിച്ചു.

പണം തരില്ലെന്നായിരുന്നു വരൻ രവീന്ദ്രപട്ടേലും ബന്ധുക്കളും അറിയിച്ചത്. എന്നാൽ സ്ഥലത്തെത്തിയ പൊലീസ് പണവും സമ്മാനങ്ങളും വധുവിന് തിരികെ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇവ തിരികെ നൽകി വരനും കുടുംബവും മടങ്ങി.