ഭോപാൽ: പണ്ടുപണ്ട് മുഗൾ ഭരണകാലത്ത് ജഹാംഗീർ ചക്രവർത്തിയുടെ ഭരണകാലത്ത് ഇന്ത്യയിലെ ചക്രവർത്തിനിയായിരുന്നു നൂർജഹാൻ. ഇവരുടെ ജന്മനാടായ അഫ്‌ഗാനിൽ നിന്നുളള വലിയ സ്വാദേറിയ മാമ്പഴത്തിനും പിന്നീട് ആ പേര് വന്നു നൂർജഹാൻ മാമ്പഴം.
കിലോകണക്കിന് ഭാരം വരുന്ന നൂർജഹാൻ മാമ്പഴത്തിന് ഇപ്പോൾ മാമ്പഴ വിപണിയിലും ചക്രവർത്തിനിയുടെ സ്ഥാനമുണ്ട്. ഒരു മാമ്പഴത്തിന് 500 മുതൽ 1000 രൂപ വരെയാണ് വില. മദ്ധ്യപ്രദേശിലെ അലിരാജ്‌പുർ ജില്ലയിലാണ് ഇത്രയധികം വില ലഭിച്ചത്. ഈ വർഷം പല മാമ്പഴകൃഷിക്കാർക്കും നൂറ് മേനിയാണ് ലഭിച്ചത്.
നല്ല കാലാവസ്ഥയായതുകൊണ്ടാണ് ഇത്ര നല്ല വിളവ് ലഭിച്ചതെന്ന് പറയുകയാണ് കർഷകർ. തന്റെ വീട്ടിലെ മൂന്ന് മാവിലുണ്ടായ ഓരോ മാങ്ങയും നല്ല വിലയ്‌ക്ക് വിറ്റുപോയതായി പറയുകയാണ് കത്തിവാഡയിലെ ശിവരാജ് സിംഗ് ജാദവ് എന്ന കർഷകൻ. 250 മാങ്ങകളാണ് ഇത്തവണ ഉണ്ടായത്. മദ്ധ്യപ്രദേശിൽ നിന്ന് മാത്രമല്ല അടുത്തുളള ഗുജറാത്തിൽ നിന്നുവരെ ആളുകൾ മാമ്പഴം വാങ്ങാനെത്തുന്നു. ഒരു മാമ്പഴത്തിന് രണ്ട് മുതൽ മൂന്നര കിലോ വരെ ഭാരമുണ്ടാകും.