rape

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ പത്തൊൻപത്കാരിയായ ദളിത് പെൺകുട്ടിയെ ആറുപേർ ചേർന്ന് പീഡിപ്പിച്ചതായി പരാതി. തൻ്റെ രണ്ട് സുഹൃത്തുക്കളോടൊപ്പം ഇരുചക്രവാഹനത്തിൽ അവധി ദിവസം ചിലവഴിക്കാനിറങ്ങിയ യുവതിയെയും കൂട്ടുക്കാരെയും ഒരു സംഘം യുവാക്കൾ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. മേയ് 31 നടന്ന സംഭവം പേടിച്ചിട്ട് പെൺകുട്ടി ആരോടും പറഞ്ഞിരുന്നില്ല. ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്യുകയും പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കു വിധേയയാക്കുകയും ചെയ്തു. പ്ലസ്സ് വൺ വിദ്യാർത്ഥിയായ പെൺകുട്ടിയുടെ മെഡിക്കൽ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണെന്നും അത് ലഭിച്ചശേഷം തുടർ നടപടികൾ കൈക്കൊള്ളുമെന്നും പൊലീസ് അറിയിച്ചു.

പെൺകുട്ടി പൊലീസിനു കൊടുത്ത മൊഴി അനുസരിച്ച് മേയ് 31ന് രണ്ട് സുഹൃത്തുക്കളോടൊപ്പം സ്ക്കൂട്ടിയിൽ വരവേ ഒരു ക്ഷേത്രത്തിനു സമീപം വണ്ടി നിർത്തി തങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുക

യായിരുന്നു. ആ സമയം രണ്ട് പേർ അവിടെ വരികയും തങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനെ തുടർന്ന് തൻ്റെ ഒരു സുഹൃത്ത് അവരുമായി വാക്കേറ്റത്തിലേർപ്പെടുകയുണ്ടായി. എന്നാൽ അവർ സുഹൃത്തിനെ കായികമായി കൈകാര്യം ചെയ്ത് ബോധം നശിപ്പിച്ചശേഷം തന്നെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്ന് പറയുന്നു.

സംഭവശേഷം സുഹൃത്തിന് ബോധം ലഭിക്കുന്നതുവരെ കൂടെയിരുന്ന ശേഷം പെൺകുട്ടി തിരിച്ച് വീട്ടിൽ എത്തി. എന്നാൽ വീട്ടിൽ ആരോടും ഇതിനെക്കുറിച്ച് പറഞ്ഞിരുന്നില്ല. പെൺകുട്ടി വിഷമിച്ച് ഇരിക്കുന്നത് കണ്ട മൂത്ത സഹോദരി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പെൺകുട്ടി നടന്ന സംഭവങ്ങൾ പറയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

അക്രമികൾ ആരാണെന്നോ അവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ പെൺകുട്ടിക്ക് അറിയില്ല. അക്രമികൾ പരസ്പരം വിളിച്ച പേരുകളാണ് പരാതിയിൽ നൽകിയിരിക്കുന്നത്.