ലോക്ഡൗണിൽ പലർക്കും പല തരത്തിലുള്ള വിശേഷങ്ങളാണ് പങ്കുവയ്‌ക്കാനുള്ളത്. ഇപ്പോഴിതാ, ബോളിവുഡിൽ നിന്ന് ഒരു സന്തോഷവാർത്തയാണ് വരുന്നത്.
കുടുംബത്തിലേക്ക് പുതിയൊരാൾ കൂടി കടന്നു വരുന്നതിന്റെ സന്തോഷത്തിലാണ് നടൻ അപർശക്തി ഖുറാനയും ഭാര്യ ആകൃതി അഹൂജയും. താരം തന്നെയാണ് ഇൻസ്റ്റയിലൂടെ പുതിയ വിശേഷമറിയിച്ചത്. നിറവയറിലുള്ള ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.
'ലോക്ക്ഡൗൺ കാരണം ജോലി വിപുലീകരിക്കാൻ കഴിഞ്ഞില്ല, അതുകൊണ്ട് ഞങ്ങൾ ഞങ്ങളുടെ കുടുംബം വിപുലീകരിക്കാൻ തീരുമാനിച്ചു,' എന്നാണ് അപർശക്തി കുറിച്ചത്. ബോളിവുഡ് നടൻ ആയുഷ്‌മാൻ ഖുറാനയുടെ സഹോദരനാണ് അപർശക്തി ഖുറാന.
ആമിർ ഖാൻ ചിത്രം ദംഗൽ, വരുൺ ധവാൻ ചിത്രം ബദ്രിനാഥ് കി ദുൽഹനിയ, രാജ്കുമാർ റാവുവിന്റെ സ്ത്രീ എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ആദ്യമായി നായകനായി അഭിനയിക്കുന്ന ഹെൽമറ്റ് എന്ന ചിത്രം റിലീസ് കാത്തിരിക്കുകയാണ്.