satheesan

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമം നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വര്‍ണക്കടത്ത് അടക്കം അന്വേഷിച്ച എന്‍ഫോഴ്സ്മെന്‍റ് തിരഞ്ഞെടുപ്പിന് മുമ്പ് കേസും അന്വേഷണവും നിര്‍ത്തി. അതുപോലെ കൊടകര കേസ് അന്വേഷണവും അവസാനിപ്പിക്കുമോയെന്നാണ് സതീശന്‍റെ ചോദ്യം.

സി പി എമ്മിനും ബി ജെ പിക്കും അങ്ങോട്ടും ഇങ്ങോട്ടും കേസുണ്ട്. രണ്ട് കൂട്ടരും തമ്മില്‍ ധാരണയിലെത്തി ഈ കേസ് അവസാനിപ്പിക്കുമോ എന്ന് കേരളം സംശയിക്കുന്നു. അതാണ് ഗുരുതരമായ പ്രശ്‌നം. ബി ജെ പി അദ്ധ്യക്ഷൻ എന്നൊരു വാക്ക് പോലും ഉച്ചരിക്കാതിരിക്കാന്‍ മുഖ്യമന്ത്രി നിയമസഭയിൽ ശ്രദ്ധിച്ചുവെന്നും സതീശൻ കുറ്റപ്പെടുത്തി.

ബി ജെ പി നേതാക്കളുടെ ഒത്താശയോടെയാണ് കേരളത്തില്‍ ഇതുവരെ നടക്കാത്ത രീതിയില്‍ കുഴല്‍പ്പണം എത്തിച്ച സംഭവം നടന്നത്. പണത്തിന്‍റെ സോഴ്‌‌സ് അന്വേഷിക്കാന്‍ അവസരം ഉണ്ടായിട്ടും അത് ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചില്ല. എന്തുകൊണ്ടാണ് ആദായനികുതി വിഭാഗത്തെ അറിയിക്കാത്തത്. സെക്ഷന്‍ 54 എഫ് പ്രകാരം ഇത് സംസ്ഥാന പൊലീസ് എന്‍ഫോഴ്സെമെന്‍റ് ഡയറക്‌ടറേറ്റിന് റഫര്‍ ചെയ്യേണ്ടേ. അഞ്ച് കോടിയില്‍ താഴെയായതുകൊണ്ട് ഞങ്ങള്‍ അന്വേഷിക്കണ്ട എന്നാണ് എന്‍ഫോഴ്സ്മെന്‍റ് പറയുന്നത്. ഇത് അഞ്ച് കോടിയല്ല അതില്‍ കൂടുതലുണ്ട് എന്ന് പറഞ്ഞ് പൊലീസിന് അവരോട് അന്വേഷിക്കാന്‍ ആവശ്യപ്പെടാമെന്നും സതീശൻ ചൂണ്ടിക്കാട്ടി.