''നിങ്ങൾ പറയുന്നതല്ല ഭൂമിശാസ്ത്രം. അതു സമ്മർദ്ദങ്ങളുടെയും സമയത്തിന്റെയും പഠനമാണ്. ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന അന്വേഷണത്തിന്റെ ചുട്ടുപോള്ളുന്ന ഭൂമികയാണത്.""
ജിയോളജിയിൽ ഡോക്ടറേറ്റ് നേടിയ, കാലിക്കറ്റ് സർവ്വകലാശാലയിൽ എച്ച്.ഒ.ഡി. യായിരുന്ന, റിട്ട. പ്രൊഫസർ ഹരീന്ദ്രനാഥൻ പിള്ള കൂടെ ഇരിക്കുന്ന മൂന്ന് പേരോടായി തുള്ളി തെറിച്ചു.
അപ്പോൾ അയാളുടെ കണ്ണട തീർത്തും അപരിചിതമായ കാഴ്ചകളിൽ തിളങ്ങി. മാമ്പുള്ളി ദിനേശൻ എന്ന പേരിൽ കഥകൾ എഴുതുന്ന, ഹൈസ്കൂളിൽ മലയാളം പഠിപ്പിച്ചിരുന്ന, റിട്ടയേർഡ് അധ്യാപകൻ ദിനേശ് പണിക്കർ ഒന്നെണീറ്റ് നിന്നു, മോഹൻലാലിനെ പോലെ ഇടതു ചുമൽ ചെരിച്ചു തികഞ്ഞ പുച്ഛത്തോടെ പറഞ്ഞു.
''വക്കീലേ, നിങ്ങളോടു ഞാൻ അപ്പോഴേ പറഞ്ഞതാണ്. ഇയാൾക്ക് രണ്ട് പെഗിൽ കൂടുതൽ കൊടുക്കരുതെന്ന്.""
''കൃഷ്ണാ... നിനക്കറിയില്ല ഇവനെ.""
അല്ലറ ചില്ലറ പൊട്ട കഥകളും, ഗൂഗിളിൽ തപ്പി കുറെ ഡാറ്റകളും സംഘടിപ്പിച്ചു, അതു കോപ്പിയെടുത്തു, എഴുത്തുകാരനായി വേഷം കെട്ടി നടക്കുന്ന ഇവനെയൊക്കെ നീ എങ്ങനെയാണെടാ സഹിക്കുന്നത്. '
''പൂർത്തീകരിക്കാത്ത ഇവന്റെ പി.എച്ച്.ഡി. വിഷയം തനിക്കറിയോ?""
മലയാറ്റൂർ കഥകളിൽ പി. കുഞ്ഞിരാമൻ നായരുടെ കാവ്യബിംബത്തിന്റെ.... മറ്റേത്.""
''എന്ത് ഒലക്കയാടാ.""
''അതിനോ... മറ്റോ പി. എച്ച്. ഡി കിട്ടിയെങ്കിൽ ഞാൻ ഇവനെ കഴുത്തു ഞെരിച്ചു കൊന്നേനെ. '
പ്രശസ്ത ക്രിമിനൽ ലോയറും, രാഷ്ട്രീയ പ്രവർത്തകനുമായ അഡ്വക്കേറ്റ് കൃഷ്ണമോഹൻ ഒരു മദ്ധ്യസ്ഥതക്കു മുതിരുന്നതിനു മുമ്പ്, തന്റെ ഗ്ലാസിൽ അവശേഷിച്ചത് ഒറ്റ വലിക്കു അകത്താക്കി, പിന്നെ മൂന്ന് പേരോടുമായി കുറച്ചു ഉച്ചത്തിൽ പറഞ്ഞു.
''ഞാനൊരു ക്രിമിനൽ ലോയറാണ്, അതു വൈകുന്നേരം ഏഴു മണി വരെ മാത്രം. അതു കഴിഞ്ഞാൽ ഞാനൊരു ക്രിമിനലാണ്. അതു നിങ്ങളെല്ലാവരും ഓർത്തു വെക്കുന്നത് നല്ലതാണ്.""
രണ്ടു പെഗ് അകത്തു ചെന്നാൽ ഹരീന്ദ്രൻ സാറിന്, കൃഷ്ണമോഹൻ വക്കിൽ വെറും കൃഷ്ണനും മൂന്ന് പെഗിന് മുകളിൽ പോയാൽ അനുജാ... മോഹനകൃഷ്ണ എന്നുമാകും വിളി.
തികട്ടി വന്ന പുച്ഛം അപ്പാടെ പുറത്തു കാട്ടി മാമ്പുള്ളി പറഞ്ഞു.
''ഒരു മറ്റേടത്തെ ക്രിമിനൽ ലോയർ...എന്നെക്കൊണ്ടൊന്നും പറയിപ്പിക്കേണ്ട.""
''സ്വന്തം ഹൗസിംഗ് കോളനിയുടെ മുമ്പിൽ വച്ചു, കാറു നിർത്തിച്ചു, തന്റെ ചെയിനും മോതിരവും കുത്തിനു പിടിച്ചു ഊരിയെടുത്തു, ആൺപിള്ളേര് പോയപ്പം എവിടെ ആയിരുന്നെടാ നിന്റെ കോടതിയും പോലീസും. രണ്ടു പെഗ് വിസ്കിയുടെ ഊറ്റത്തിൽ ആരോടാണീ പുളു.""
കാര്യമായതെന്തോ തിരഞ്ഞുപിടിക്കുന്ന മട്ടിൽ ഐ ഫോണിൽ കുത്തിക്കുറിച്ചു സമയം പഴാക്കിയിരുന്ന, ബഹുരാഷ്ട്ര കോർപ്പറേറ്റ് സ്ഥാപനത്തിൽ മാർക്കറ്റിംഗ് മാനേജരായിരുന്ന, സൗഹൃദസദസിൽ സി.എച്ച്. എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന, ചേറൂളിൽ ഹരിദാസൻ നായർ മകൻ അഖിലേഷ് നായർ, ഫോൺ ഓഫാക്കി, കളരിയിലേക്ക് ഇറങ്ങുന്ന മട്ടിൽ വക്കീലിനെ നോക്കി ചെറുതായൊന്നു മുരണ്ടു.
അന്തരീക്ഷം പെട്ടെന്ന് നിശബ്ദമായി. കുപ്പി മിക്കവാറും തീരാറായിരുന്നു. ആകെ ഒരു കുപ്പിയേയുള്ളൂ. അതിപ്പോ തീരും.
''പിന്നെ.... ഗോവിന്ദാ....ലോക്ക് ഡൗൺ ആയതു കൊണ്ടു ബാറും, ബിവറേജ് ഔട്ട് ലെറ്റുകളും തുറക്കില്ലെന്നറിയാമല്ലോ...""
മാമ്പുള്ളി പായ്യാരം പറയും പോലെ മൊഴിഞ്ഞു.
''കുപ്പി, ടെ കാര്യം വിട്. അതിനല്ലേ ഇവൻ?""
സി.എച്ചിനെ ചൂണ്ടി ഹരീന്ദ്രൻ പിള്ള.
''ങ്ഹ്, എനിക്ക് വാറ്റാണല്ലോ. പണി..""
സി. എച്ച്. ഒന്നു കുതറി.
പ്രൊഫസർ ഹരീന്ദ്രൻ നനുത്തൊരു ചിരി ചിരിച്ചു.
''നമുക്കു വിഷയത്തിലേക്കു വരാം.""
ഘനഗംഭീരമായ ശബ്ദത്തിൽ സി. എച്ച്. സംസാരിക്കാനായി എഴുനേറ്റു.
''നീ അവിടെ ഇരിയ്ക്ക്. ഇരുന്നു സംസാരിച്ചാൽ മതി. ഇതൊരു ഒഫിഷ്യൽ മീറ്റിംഗ് ഒന്നുമല്ലല്ലോ.""
മാമ്പുള്ളി പറഞ്ഞു.
കൊവിഡ് നിയന്ത്രണത്തിന്റെ പ്രോട്ടോകോൾ പാലിച്ചുകൊണ്ടു നാലുപേരും അകലം സൂക്ഷിച്ചു, സ്വന്തം കസേരകൾ പിന്നോട്ടും സൈഡിലോട്ടും നിരക്കി. പ്രൊഫസർ ഹരീന്ദ്രന് ചിരിപൊട്ടി. വെള്ളമടിച്ചു അന്യോന്യം പഴിപറഞ്ഞും, തോളിൽ കയ്യിട്ടും, വെറുതെ ചിരിച്ചും, ആവശ്യമില്ലാതെ ദേഷ്യപ്പെട്ടും ഇരുന്നിരുന്ന സുഹൃത്തുക്കൾ ഇതാ കൊവിഡ് നിയന്ത്രണങ്ങളുടെ അകലം പാലിച്ചു മീറ്റിംഗ് നടത്താൻ പോകുന്നു. അപ്പോൾ ഇതുവരെ കൂടിയിരുന്നതൊന്നും മീറ്റിംഗ് അല്ലെന്നോ? താനുൾപ്പടെയുള്ള മലയാളിയുടെ പൊള്ളത്തരത്തെ കുറിച്ചോർത്തു അയാൾക്കൊന്നു പൊട്ടിച്ചിരിക്കാൻ തോന്നി.
''കേരളത്തിന്റെ ഒന്നാം തലമുറക്കാരാണ് നമ്മൾ. രണ്ടു കൂട്ടർക്കും സമപ്രായവും. ഷഷ്ഠി പൂർത്തി പിന്നിട്ടവർ. വക്കിൽ മാത്രമേ അല്പം ഇളയതായുള്ളു. അവനെ വിടാം. നുണ പറഞ്ഞു യൗവനം നിലനിർത്തുന്നവൻ...""
അതിഗഹനമായഎന്തോ കാര്യം പറയാൻ ശ്രമിക്കുന്നതു പോലെ, അല്ലെങ്കിൽ അതിനുള്ള തുടക്കം പോലെ സി. എച്ച്. തന്റെ വരണ്ട ചുണ്ടുകളെ നാക്കു കൊണ്ടു നനച്ച് ചുറ്റിലുമുള്ളവർ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തി സംസാരം തുടർന്നു. പ്രൊഫ. ഹരീന്ദ്രൻ തന്റെ മുമ്പിലുള്ള ഒഴിഞ്ഞ ഗ്ലാസ്സിലേക്കും അല്പം മാത്രം ശേഷിക്കുന്ന കുപ്പിയിലേക്കും നോക്കി, പിന്നെ താനൊന്നു പറഞ്ഞു തുലയ്ക്കൂ എന്ന ഭാവത്തിൽ സി.എച്ചിന്റെ മുഖത്തേക്കു അക്ഷമയോടെ നോക്കി.
കുപ്പിയുടെ നീണ്ടു മെലിഞ്ഞ കഴുത്തു കാണുമ്പോൾ, വാർദ്ധക്യം ബാധിച്ചു തീരെ അവശയായി കണ്ണും കാതും കാര്യമായി പ്രവർത്തിക്കാത്ത അടുത്ത വീട്ടിലെ ജാനുവേടത്തിയെ ഇന്നലെ അവരുടെ വീട്ടിൽ പോയി കണ്ട കാര്യം ഓർമ്മിക്കുകയായിരുന്നു മാമ്പുള്ളി ദിനേശൻ. കുപ്പി എവിടെനിന്നെങ്കിലും സംഘടിപ്പിക്കണമെന്ന് വക്കീൽ വിളിച്ചു പറഞ്ഞപ്പോൾ, താനെവിടെ പോകുമെന്നു തിരിച്ചു ചോദിച്ചപ്പോഴാണ് അവൻ പറഞ്ഞത് വല്ല മിലിറ്ററിക്കാരെയും തപ്പണം.
വീട്ടിൽ പുറംപണിക്കു സഹായിക്കാൻ വരുന്ന ഗോപലേട്ടനോട് സ്വകാര്യം പറഞ്ഞപ്പോൾ മൂപ്പരാണ് പറഞ്ഞത് വഴിയുണ്ട്, പക്ഷേ സാറ് തന്നെ മുന്നിട്ടു ഇറങ്ങണം. സുഖമില്ലാതെ കിടക്കുന്ന ജാനു ഏടത്തിയുടെ മരിച്ചുപോയ ഭർത്താവ് മിലിറ്ററി യിൽ ആയിരുന്നു, അയാളുടെ മരണശേഷവും രണ്ടു കുപ്പി ജാനു ഏടത്തിക്കു കിട്ടുന്നുണ്ട്. മക്കളെ കാണേണ്ടതുപോലെ കണ്ടാൽ മതിയെന്ന്.
''അതുകൊണ്ട് ഞാൻ അവസാനിപ്പിക്കുകയാണ്. പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാത്ത, ധാരാളം സമയമുള്ള നമ്മൾ നമ്മുടെ നാടിനു വേണ്ടി, നാട്ടുകാർക്ക് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതായിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം.കൂട്ടായി ചർച്ച ചെയ്തു തീരുമാനിക്കണം.""
സി. എച്ച്. തന്റെ വർത്തമാനം നിർത്തി പോക്കറ്റിൽ നിന്നു കർച്ചീഫ് എടുത്തു നെറ്റിയൊന്നു അമർത്തി തുടച്ചു. ''നിങ്ങൾക്കാർക്കും പണിയില്ലായിരിക്കും. അതുകൊണ്ട് സമയവും ധാരാളം. ഞാൻ അങ്ങനെയല്ല. എനിക്ക് ഏറെ കേസുകളുണ്ട് ഞാൻ തിരക്കുള്ളൊരു വക്കീലാണ്. പാർട്ടി മീറ്റിംഗുകളിൽ തന്നെ കൃത്യമായി പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയാണ്.""
കൊവിഡ് മഹാമാരി മൂലം സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന നമ്മുടെ സഹജീവികളെ സഹായിക്കാൻ ഉതകുന്ന ചില പരിപാടികളെ കുറിച്ചാണ് ആലോചിക്കേണ്ടത്. പ്രൊഫ. ഹരീന്ദ്രന്റെ ഉള്ളിലെ സാമൂഹിക പ്രവർത്തകൻ ഉണർന്നു. എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന പെൻഷൻ തുകയിൽനിന്നു വല്ലതും മാറ്റി വെക്കേണ്ട കാര്യമോർത്തു മാമ്പുള്ളിയുടെ മനസുരുകി. ആവശ്യമില്ലാത്തൊരു പണിയായല്ലോ ഇതെന്നു വേവലാതിപ്പെട്ടു.
''സാമ്പത്തിക കാര്യങ്ങൾ നമുക്കൊരു ബാദ്ധ്യതയാകും. അതല്ലാതെ മറ്റെന്തെങ്കിലും ആലോചിക്കുന്നതാകും നല്ലത്.""
മാമ്പുള്ളി ഉള്ളിലെ ആശങ്കകൾ മറച്ചു വെക്കാൻ പാടുപെട്ടു.
''നമുക്കൊരു കൗൺസലിംഗ് സെന്റർ ആരംഭിച്ചാലോ? മക്കൾ വിദേശങ്ങളിലും, പ്രായമായ രക്ഷിതാക്കൾ നാട്ടിലുമായി, കൊവിഡ് ഭീതിയിൽ ജീവിക്കുന്ന ധാരാളം കുടുംബങ്ങളുണ്ട്. അവരുടെ അരക്ഷിതമായ മനസുകളെ അതിജീവനത്തിന്റെ കരുത്തു പകർന്ന് സാന്ത്വനപ്പെടുത്താം.""
സി.എച്ചിന്റെ വാചാലതയിൽ ഇര കോർത്തെറിഞ്ഞ ചൂണ്ടയുടെ മൂർച്ചയുള്ളതു പോലെ വക്കീലിനു തോന്നി.
''പ്രൊഫഷണലുകളായ മൂന്നോ നാലോ കൗൺസിലേഴ്സിനെ ഞാൻ ഏർപ്പാട് ചെയ്യാം. ആ കാര്യം എനിക്ക് വിട്ടേക്ക്""
പ്രൊഫസർ ആവേശത്തോടെ പറഞ്ഞു. സൈക്കോളജിയിൽ മാസ്റ്റർ ബിരുദമുള്ള ഭാര്യ നിർമ്മല പിള്ള, അയാളുടെ ഓർമ്മയിലേക്ക് തള്ളി കേറി. പറഞ്ഞാൽ അവൾ കേൾക്കുമോ എന്നത്, അവസാനം കഴിച്ച വിസ്കിയുടെ ചവർപ്പായി നാക്കിൻ തുമ്പിൽ നുരഞ്ഞു.
നമുക്കൊന്നു കൂടിയിരിക്കാനും കാര്യങ്ങൾ ആലോചിക്കാനും പറ്റിയ സ്ഥലം ഈ നഗരത്തിൽ തന്നെ സംഘടിപ്പിക്കണം. ''കൃഷ്ണ, അതു നീ വിചാരിച്ചാൽ നടക്കില്ലേ?""
പ്രൊഫ. ഹരീന്ദ്രൻ വക്കീലിനോട് ചോദിച്ചു.
''പഴയ സ്ഥിതിയല്ല, കൊവിഡ് സമയത്തു അങ്ങനെയൊന്നു തപ്പിപിടിക്കാൻ പ്രയാസമാണ്. നമുക്കു ശ്രമിക്കാം.""
വക്കീൽ പ്രതീക്ഷ കൈവിടാതെ മൊഴിഞ്ഞു.
''ഒരിക്കൽ ഈ നഗരത്തിന് എഴുത്തുകാരെ വലിയ ഇഷ്ടമായിരുന്നു. രാമദാസ് വൈദ്യർക്ക് ഇവിടെ ഒരു ടൂറിസ്റ്റ് ഹോം ഉണ്ടായിരുന്നു. അതിന്റെ മുകൾ നിലയിലെ ഒരു മുറി എഴുത്തുകാർക്കര മാത്രമായി മാറ്റിവെച്ചിരുന്നു. അവിടെയാണ് എം. ടി.യും എൻ. പി.യും എസ്. കെ യും ബഷീറും മറ്റും കൂടിയിരുന്നത് എന്നു ഞാൻ കേട്ടിട്ടുണ്ട്.""
മാമ്പുള്ളി തന്റെ ഓർമ്മ പങ്കുവെച്ചു.
''പഴയ ടാഗോർ പാർക്കും, അതിനകത്തു പ്രവർത്തിച്ചിരുന്ന മേല്പുരയില്ലാത്ത പാർക്ക് റെസ്റ്റോറന്റും മാനാഞ്ചിറക്കു ചുറ്റുമുള്ള സിമന്റ് ബെഞ്ചും അതിലിരുന്നു വെടിപറയുന്ന സായാഹ്നങ്ങളും കണ്ണാടിയിൽ കാണുന്നപോലെ, വക്കീൽ അപ്പോൾ കാണുന്നുണ്ടായിരുന്നു.മിഠായി തെരുവും, കിഡ്സൺ കോർണറും എസ്.കെ.യുടെ പ്രതിമയും എല്ലാമെല്ലാം.
പെയിന്റർ 'കുഞ്ഞാപ്പു' നടന്നു പോയ തെരുവോരങ്ങൾ. സപ്പർ സർകീറ്റു സംഘം ഗ്ലാസ് മോഷ്ടിക്കാൻ കേറിയ ചായ പീടിക. സെഷൻസ് കോടതിയിൽ, അപ്രധാനമായൊരു കേസിന്റെ വിചാരണക്കെത്തിയ സീനിയർ വക്കീലിന്റെ ഭാവത്തോടെ കൃഷ്ണമോഹൻ വക്കീൽ എഴുനേറ്റു, കൂടെയുള്ളവരെ നോക്കി പറഞ്ഞു. എനിക്ക് ഇരുന്നു സംസാരിക്കാൻ കഴിയില്ല. ശീലിച്ചത് മുഴുവൻ നിന്നു സംസാരിച്ചാണ്. അതുകൊണ്ട് ക്ഷമിക്കുക.""
''സി. എച്ച്. സൂചിപ്പിച്ച കാര്യങ്ങൾ ഞാൻ സപ്പോർട്ട് ചെയ്യുന്നു. ഒരു ഫാമിലി കൗൺസിലിംഗ് സഹായം വളരെ നല്ല ആശയമാണ്. മുതിർന്നവരേക്കാൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് കുട്ടികളെയാണ്. അവർക്കു ഒരു അദ്ധ്യായന വർഷം പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നു. വീടുകളിൽ തടവിലാക്കപ്പെട്ട അവസ്ഥയിലാണ് കുട്ടികൾ. അതു കൊണ്ടു ചൈൽഡ് സൈക്കോളജിയിൽ പ്രവീണ്യം നേടിയ കൗൺസലർമാരെകൂടി ഉൾപ്പെടുത്തണം.""
കാറ്റു തട്ടി, സ്ഥാനം തെറ്റി പോയ വക്കീൽ കോട്ടു പിന്നോട്ട് ഒതുക്കിവെക്കാൻ അറിയാതെ ശ്രമിച്ചും, കോടതിയിലാണ് നിൽക്കുന്നതെന്ന ഓർമ്മയിൽ താൻ നടത്തിയ ക്രോസ് വിസ്താരത്തിന്റെ പൊലിമയിൽ ലയിച്ചും, വക്കീൽ പറഞ്ഞവസാനിപ്പിച്ച് സ്വന്തം ഇരിപ്പിടത്തിൽ അമർന്നു.
'യുവർ ഓണർ" എന്നു പറയാൻ, വക്കീൽ മറന്നതാണൊയെന്നു മാമ്പുള്ളി സംശയിച്ചു. വക്കീൽ പറഞ്ഞത് നൂറു ശതമാനവും ശരിയാണെന്ന് പ്രൊഫസർക്കു തോന്നി. തന്റെ കൊച്ചുമോന്റെ ചിത്രം അയാളുടെ ഉള്ളിലേക്കു പ്രളയകാലത്തെ കടൽത്തിര പോലെ ഉയർന്നു പൊങ്ങി. ആൽക്കഹോളിന്റെ അവസാന കുമിളയും കരയിലെ പൂഴി മണലിലേക്കു അടിച്ചുകേറ്റി തിരകൾ പിന്നിലേക്കു അമർന്നു പോകുന്നതു അയാൾ അറിഞ്ഞു. ബാംഗ്ലൂരിലെ ഫ്ളാറ്റിൽ ഒറ്റപ്പെട്ടു കഴിയുന്ന കൊച്ചുമോനെ കുറിച്ചും സ്കൂളിലോ പാർക്കിലോ പോകാൻ കഴിയാത്ത അവന്റെ തടവു ജീവിതത്തെ കുറിച്ചു പ്രൊഫസർ മറ്റുള്ളവരോട് സങ്കടപ്പെട്ടു. അപ്പോൾ,വിളഞ്ഞു കിടക്കുന്ന നെൽപ്പാടത്തിലെ നേർത്ത വരമ്പിലൂടെ, ഈർക്കിലിൽ കോർത്ത ഓല പമ്പരവുമായി, മൂട് പിഞ്ഞിയ പട്ട ട്രൗസറിട്ട ഒരു കൊച്ചു കുട്ടി മാമ്പുള്ളിയുടെ ഉള്ളിൽനിന്നും പുറത്തേക്കോടി. ...
''ദീനാ... ഓടല്ലേ.. മോനെ..""
എന്നൊരു വിളിയൊച്ച അയാൾക്ക് പിന്നിൽ കാൽ തെറ്റി വീണു. മീറ്റിംഗിന്റെ തുടക്കത്തിലെ രസവും ആവേശവും എവിടെയോ ചോർന്നു പോയതു പോലെ മമ്പുള്ളിക്കു തോന്നി. താൻ എഴുതി പൂർത്തീകരിക്കാത്ത കഥയിലെ കഥാപാത്രത്തിന്റെ നിസ്സഹായത അയാളിൽ നിറഞ്ഞു.
ഗർഭിണിയായ മകളുടെ നിറവയറും ഗൾഫിൽ ക്വാറന്റീനിൽ ഇരിക്കുന്ന മരുമകനും ഒരു കാരണവുമില്ലാതെ സി. എച്ചിന്റെ മനസി ൽ അവ്യക്തമായി തെളിഞ്ഞു. വക്കീലിന് ബോറടിക്കാൻ തുടങ്ങിയിരുന്നു. അന്തരീക്ഷത്തിൽ പെട്ടുന്നുണ്ടായ നിശബ്ദതയും പിരിമുറുക്കവും അയാളെ വല്ലാതെ അലോസരപ്പെടുത്തി. കുപ്പിയിൽ ശേഷിച്ചത് ഗ്ലാസിലൊഴിച്ചു കുറച്ചു വെള്ളം ചേർത്തി ആവശ്യമുള്ളവർ കുടിച്ചോട്ടെ എന്ന രീതിയിൽ മാറ്റിവെച്ചു. മീറ്റിംഗ്, തങ്ങൾ ആഗ്രഹിക്കാത്ത ഗൗരവരൂപം കൈകൊണ്ടതായി പ്രൊഫസർക്കു തോന്നി. അന്തരീക്ഷത്തിൽ കൊവിഡ് വൈറസിന്റെ ഇരുണ്ട ഗോളങ്ങൾ തന്റെ മൂക്കിന് മുമ്പിൽ മൂളിയാർക്കുന്ന കൊതുകുകളായി പാറി നടക്കുന്നത് പ്രൊഫസർ കണ്ടു.
ഇന്നലെ രാത്രി ബാംഗ്ലൂരിൽനിന്ന് മകൾ വിളിച്ച കാര്യം വീട്ടിൽ നിന്നു ഇറങ്ങുന്നതിനു മുമ്പ് നിർമ്മല പറഞ്ഞത് പ്രൊഫസർ ഓർത്തു.. കൊച്ചുമോൻ ഫ്ളാറ്റിലെ ടെലിവിഷൻ സെറ്റ്, അവൻ സ്കൂളിലേക്ക് കൊണ്ടു പോകുന്ന വാട്ടർ ബോട്ടിൽ കൊണ്ടു എറിഞ്ഞുടച്ചെന്നു മകൾ പരാതി പറഞ്ഞെന്നോ... മറ്റോ. അവനെ നോക്കുന്ന ആയ വരാത്ത ദിവസങ്ങളിൽ, മോനെ മുറിയിൽ അടച്ചിട്ടു, ടെലിവിഷൻ ഓണാക്കി വച്ചാണ് അവർ രണ്ടു പേരും ജോലിക്കു പോകാറെന്നു മകൾ ഒരിക്കൽ പറഞ്ഞത് അയാളുടെ ഓർമ്മയിൽ തെളിഞ്ഞു. കരഞ്ഞു കലങ്ങിയ കൊച്ചുമോന്റെ കണ്ണിൽ അയാൾ ഒരു കടലിരമ്പം കേട്ടു.
പ്രൊഫസർ ഹരീന്ദ്രന് വല്ലാത്ത ക്ഷീണം തോന്നി. നെറ്റിയിൽ വിയർപ്പു മണികൾ ഉരുണ്ടുകൂടുന്നത് അയാൾ അറിഞ്ഞു. നിർമ്മലയെയും മകളെയും കൊച്ചു മോനെയും കാണാൻ അപ്പോൾ അയാൾ അതിയായി ആഗ്രഹിച്ചു.
ഉണങ്ങി വരണ്ട ചുണ്ടുകൾ ഒരിറ്റു വെള്ളത്തിനായി വിറച്ചു. കൈ എത്തും ദൂരത്തുണ്ടായിരുന്നു വെള്ളത്തിന്റെ കുപ്പി അയാളുടെ കാഴ്ചയിൽ മങ്ങി പോകുന്നതുപോലെ തോന്നി.അടഞ്ഞ തൊണ്ടയിൽ കുടുങ്ങിപ്പോയ ശബ്ദത്തിന്റെ ചീളുകൾ ആർത്തു വിളിക്കുന്ന നിലവിളിയുടെ മൗനത്തിൽ മുങ്ങി പ്പോകുന്നത് അയാൾ അറിഞ്ഞു. കാൽ അനക്കാൻ കഴിയുന്നില്ല, കണങ്കാലിൽ നീര് വന്നു വീർത്തു കനത്തു പോയിരിക്കുന്നു. അയാൾക്ക് എന്താണ് സംഭവിക്കുന്നത് എന്നു മനസ്സിലാകാതെ മൂന്നു പേരും ചാടിയെണീറ്റു. തന്നെ താങ്ങി പിടിച്ചസുഹൃത്തുക്കളുടെ കൈകളിൽ നിന്ന് അയാൾ
അപ്പോൾ കുതറിക്കൊണ്ടിരുന്നു.
അവ്യക്തമായ ഒരുപാടു ശബ്ദങ്ങൾ കൂടികലർന്ന അപരിചിതമായ അന്തരീക്ഷത്തിൽ നിന്ന് നിലയില്ലാ കയത്തിലേക്കു അടിതെറ്റി വീണു. അപ്പോൾ വാതിൽപ്പടിയിൽ കൈ കുടുങ്ങി, ചോരയൊലിപ്പിച്ച വിരൽ തുമ്പുമായി നാലു വയസ്സുള്ള ഒരാൺകുട്ടി, സ്കൂൾ യൂണിഫോം ധരിച്ചു ചതുങ്ങിയ വാട്ടർ ബോട്ടിലുമായി അയാൾക്കരികിൽ കരഞ്ഞുകൊണ്ട് നില്കുന്നുതു പ്രൊഫസർ കാണുന്നുണ്ടായിരുന്നു.
(എം.ബാബുരാജ്:9400484959 )