ആലപ്പുഴ: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധിയുമായി ബന്ധപ്പെട്ട നിലപാടിൽ ഐ എന്‍ എല്‍ ലീഗിനൊപ്പം നിന്നെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. മുഖ്യമന്ത്രിയെ കടത്തിവെട്ടി ഐ എന്‍ എല്‍ അഭിപ്രായം പറഞ്ഞു. പിന്നാക്കക്ഷേമ വകുപ്പ് പേരിനു പോലും പ്രവര്‍ത്തിക്കുന്നില്ലെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം സര്‍വകക്ഷിയോഗം വരെ വിളിക്കേണ്ടി വന്നു. എന്തിനുവേണ്ടി, സമ്പത്തിനുവേണ്ടി. ന്യൂനപക്ഷമെന്ന് പറഞ്ഞ് ക്രിസ്ത്യന്‍ സമുദായത്തിനും മുസ്ലീം സമുദായത്തിനും ഭാഗംവച്ച് കൈയില്‍ കൊടുത്തപ്പോള്‍ അവരില്‍ ഒരു കൂട്ടര്‍ക്ക് എണ്‍പത് ശതമാനമായിപോയി. ഒരാള്‍ക്ക് 20 ശതമാനം ആയിപ്പോയി. അതില്‍ കോടതി അവര്‍ക്ക് നിഷേധാത്മകമായ ഒരു സമീപനം സ്വീകരിക്കുകയും ചെയ്‌തു. ഇവിടെ ഒന്നുംകിട്ടാത്ത ഒരു വിഭാഗം ഇവിടെയുണ്ട്. അവരെപ്പറ്റി ആരും പറയുന്നില്ലെന്നും വെളളാപ്പളളി ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പു കാലത്ത് എല്ലാവരും കുഴല്‍പ്പണം കൊണ്ടുവരും. ബി ജെ പിക്കാര്‍ മണ്ടന്മാര്‍ ആയതുകൊണ്ടാണ് പിടിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പേരിന് പോലും പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുളളതെന്നും വെള്ളാപ്പളളി ആരോപിച്ചു.
ഉമ്മന്‍ചാണ്ടിയുടെ കാലം കഴിഞ്ഞു. രമേശ് ചെന്നിത്തല നിരാശാബാധിതനായി കഴിയുകയാണ്. വി ഡി സതീശന്‍ ബഹുകേമനാണ്. നിയമസഭയില്‍ തിളങ്ങാന്‍ സതീശന് കഴിയും. പക്ഷെ പുറത്തുള്ള പ്രവര്‍ത്തനത്തില്‍ സതീശന്‍ വട്ടപ്പൂജ്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.