iphone

കാലിഫോർണിയ: വിദ്യാർത്ഥിനി നന്നാക്കാൻ നൽകിയ ഫോണിൽ സർവീസ് സെന്ററിലെ ജീവനക്കാർ കാണിച്ച മോശം പ്രവർത്തി കാരണം പുലിവാല് പിടിച്ച് ആപ്പിൾ. വിദ്യാർത്ഥിനിയുടെ ഫോണിലുണ്ടായിരുന്ന നഗ്നചിത്രങ്ങളും ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോകളും പെൺകുട്ടിയുടെ തന്നെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ രണ്ട് സ‌ർവീസ് സെന്റർ ജീവനക്കാർ പോസ്‌റ്റ് ചെയ്‌തു.

അമേരിക്കയിലെ കാലിഫോർണിയയിലാണ് സംഭവമുണ്ടായത്. പത്തോളം ചിത്രങ്ങളാണ് ഓറിഗോൺ സർവകലാശാലയിലെ വിദ്യാർത്ഥിനിയുടെ അനുമതിയില്ലാതെ 2016ൽ ഇവർ പോസ്‌റ്റ് ചെയ്‌തത്. ചിത്രങ്ങൾ പ്രചരിക്കുന്നത് കണ്ട വിദ്യാർത്ഥിനിയുടെ സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന് ഇവ നീക്കം ചെയ്‌തു.

ആപ്പിൾ കമ്പനി അഞ്ച് മില്യൺ ഡോളർ നഷ്‌ടപരിഹാരം നൽകണം എന്നായിരുന്നു പെൺകുട്ടിയുടെ അഭിഭാഷകരുടെ ആവശ്യം. പെൺകുട്ടിക്കുണ്ടായ കടുത്ത മാനസികാഘാതത്തിന് ഈ തുക നൽകണമെന്നായിരുന്നു ഇവർ പറഞ്ഞത്. സംഭവത്തിന് കാരണക്കാരായ രണ്ട് ജീവനക്കാരെയും ആപ്പിൾ അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തി ഉടൻ പിരിച്ചുവിട്ടു.

തുടർന്ന് പെൺകുട്ടിയുമായി കരാറിലെത്തിയ ആപ്പിൾ കമ്പനി തുക നൽകാമെന്നേറ്റു. ഏകദേശം 36 കോടി രൂപയാണ് ഇങ്ങനെ ആപ്പിളിന് നഷ്‌ടപരിഹാരമായി നൽകേണ്ടി വന്നത്.