നടി സുബി സുരേഷ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ വിവാദങ്ങൾക്ക് തിരി തെളിച്ചിരിക്കുന്നത്. ഫെമിനിസ്റ്റ് എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രത്തിൽ തലമുടി ബൺ ചെയ്ത് വലിയ പൊട്ടും കണ്ണടയും വച്ചാണ് സുബി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏതായാലും പോസ്റ്റ് വലിയ ചർച്ചയ്ക്ക് വഴിമാറിയിട്ടുണ്ട്.
ഫെമിനിസത്തെ കളിയാക്കുന്നതാണ് പോസ്റ്റെന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തി. കൂടാതെ ഫെമിനിസ്റ്റുകളെ പരിഹസിച്ചതിന് സുബിയെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ പല കോണുകളിൽ നിന്നും വിമർശനം രൂക്ഷമായതോടെ സുബി ഫേസ്ബുക്കിൽ നിന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാൽ ചിത്രങ്ങളുടെ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിക്കുകയാണ്. എന്നാൽ തന്റെ പോസ്റ്റിന് വിശദീകരണവുമായി താരം എത്തിയിട്ടുണ്ട്. ഫെമിനിസ്റ്റെന്ന് ക്യാപ്ഷനിട്ടത് വെറുതെയാണെന്നും തനിക്ക് ഫെമിനിസം എന്താണെന്ന് ഗാഢമായ അറിയില്ലെന്നുമാണ് സുബി കുറിച്ചത്.
ഒരു സ്വകാര്യ ചാനലിൽ ചെയ്യുന്ന കോമഡി പ്രോഗ്രാമിലെ ഒരു ക്യാരക്ടർ ഫോട്ടോയാണതെന്നും, വെറുതേ 'ഫെമിനിസ്റ്റ്' എന്ന് ക്യാപ്ഷനിട്ടതാണെന്നും സുബി പറയുന്നു. 'പലരും പല രീതിയിലാണ് ഈ പോസ്റ്റിനെ വ്യാഖ്യാനിച്ചത്. ഉള്ളതു പറയാമല്ലോ എനിക്ക് ഫെമിനിസ്റ്റുകളോട് എതിർപ്പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന് ഗാഢമായ അറിവുമില്ല. വെറുതേ ഒരു വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്.- എന്നാണ് സുബി കുറിച്ചത്.