തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപിയെ തകര്‍ക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു എന്ന് ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ ആരോപിച്ചു. തൃശൂരിൽ വച്ച് നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാധാകൃഷ്ണൻ.
ബിജെപിയെ തകര്‍ക്കാനുള്ള ക്വട്ടേഷൻ സംഘത്തിന്‍റെ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ബിജെപി ഈ നീക്കങ്ങളെ അതിശക്തമായി തന്നെ നേരിടുക തന്നെ ചെയ്യുമെന്നും രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊടകര സംഭവത്തിൽ വാദിയെ പ്രതിയാക്കാനാണ് സർക്കാരും അന്വേഷണ സംഘവും ശ്രമിക്കുന്നതെന്നും വെറുക്കപ്പെട്ട വ്യക്തികളാണ് കേസ് അന്വേഷിക്കുന്നതെന്നും രാധാകൃഷ്ണൻ ആരോപിച്ചു.
"അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി സോജൻ വെറുക്കപ്പെട്ട വ്യക്തിയാണ്. മറ്റൊരു എസിപി വി കെ രാജു ഇടതു സഹയാത്രികനാണ്," രാധാകൃഷ്ണൻ പറഞ്ഞു. കേസിലെ പ്രതി മാർട്ടിൻ സിപിഐ പ്രവർത്തകനാണെന്നും പ്രതിയുടം പക്കലുള്ള രേഖകൾ പരിശോധിച്ചാൽ ഒരുപക്ഷേ കൊടുങ്ങല്ലൂർ എംഎൽഎയെ ചോദ്യം ചെയ്യേണ്ട സാഹചര്യം വന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളുടെ രാഷ്ട്രീയ ബന്ധം അന്വേഷണ ഉദ്യോഗസ്ഥർ ഉടൻ തന്നെ പുറത്തുവിടണമെന്നും രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
ബിജെപിയെ പൊതുസമൂഹത്തിന് മുന്നിൽ തേജോവധം ചെയ്യാനുള്ള നീക്കങ്ങൾക്കെതിരെ സംസ്ഥാനത്ത് ഈ മാസം പത്ത് മുതൽ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുമാണ് ബിജെപി തീരുമാനം.
ബിജെപിയെ എതിർക്കുന്നതിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടാണെന്നും നിയമസഭയിൽ പോലും പിണറായി വിജയനും വിഡി സതീശനും ചേട്ടനും അനിയനും കളിക്കുകയാണെന്നും രാധാകൃഷ്ണൻ പറഞ്ഞു.
ബിജെപി ഇല്ലാത്ത വേദിയിൽ ബിജെപിയെ കുറിച്ച് ആക്ഷേപം പറഞ്ഞ് ഭരണപക്ഷവും പ്രതിപക്ഷവും സായൂജ്യമണിയുകയാണെന്ന് നിയമസഭയിലെ ചർച്ചകളെ സൂചിപ്പിച്ചുക്കൊണ്ട് രാധാകൃഷ്ണൻ പറഞ്ഞു.