nilambur

തേക്ക് മ്യൂസിയം,​ തൂക്കുപ്പാലം,​ ചാലിയാർപ്പുഴ... അങ്ങനെ​ കാഴ്‌ചകളുടെ വലിയൊരു പറുദീസ തന്നെയാണ് നിലമ്പൂർ. ഒരു തവണയെങ്കിലും അവിടെയെത്തിയിട്ടുള്ളവർക്ക്, അവിടത്തെ പച്ചപ്പും മനോഹാരിതയും തിരിച്ചറിഞ്ഞവർക്ക് ആ നാടിനെ മറക്കാൻ കഴിയില്ല. നിലമ്പൂരിലെ കാഴ്‌ചകളിൽ ഏറ്റവും പ്രധാനം തേക്ക് മ്യൂസിയമാണ്.രണ്ട് നിലകളിലായി ഒരുക്കിയിരിക്കുന്ന മ്യൂസിയത്തിൽ തേക്കുകളെ കുറിച്ചുള്ള വിശദമായ അറിവുകളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. കനോലി പ്ലോട്ടാണ് മറ്റൊരു ആകർഷണം. അവിടെയെത്തിയാൽ ഏതു വെയിലത്തും ചൂടിനെ കൂസാതെ നടന്നു നീങ്ങാം. അത്രയേറെ മരങ്ങൾ തിങ്ങിനിറഞ്ഞിരിക്കുകയാണ്. നിലമ്പൂരിലെ തൂക്കുപ്പാലം കടന്നുവേണം കനോലി പ്ലോട്ടിലെത്താൻ. ചാലിയാറിന് കുറുകേ നിർമ്മിച്ചിരിക്കുന്ന ഈ തൂക്കുപ്പാലത്തിൽ കൗതുകവും ഭംഗിയും ഒരുപോല ഒന്നിക്കുന്നുണ്ട്. അവിടെ പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ ബോട്ടിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കനോലി പ്ലോട്ടിലെന്താണ് കാഴ്‌ചകളെന്ന് സംശയിക്കുന്നവരുണ്ടാകും. ലോകത്തിലെ ഏറ്റവും വലിയ തേക്ക് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. അത് കാണാനും അടുത്ത് നിന്ന് ഫോട്ടോയെടുക്കാനുമാണ് നിരവധി പേരും നിലമ്പൂരിലേക്ക് എത്തുന്നത്. തലയുയർത്തി നോക്കിയാൽ കഴുത്ത് വേദനിക്കുന്ന അത്രയും ഉയരത്തിലാണ് തേക്കിന്റെ വളർച്ച. നിലമ്പൂർ കോവിലകമാണ് മറ്റൊരു കാഴ്ച. ചരിത്രവും പാരമ്പര്യവും ഒന്നിക്കുന്നയിടം. ആഢ്യൻപാറ വെള്ളച്ചാട്ടമാണ് മറ്റൊരു കൗതുകം. ചാലിയാറിന്റെ കൈവഴിയായ കാഞ്ഞിരപ്പുഴയിലാണ് ഈ വെള്ളച്ചാട്ടം. പാറക്കെട്ടുകളിൽ നിന്നും പാലുപോലെ ഒഴുകു വരുന്ന വെള്ളച്ചാട്ടം നയനമനോഹര കാഴ്ച തന്നെയാണ്. ആഢ്യൻപ്പാറ അപകടം പതിയിരിക്കുന്ന സ്ഥലമാണെങ്കിലും വെള്ളച്ചാട്ടം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.