covid

തിരുവനന്തപുരം: കൊവിഡിന്റെ ഒന്നാം തരഗത്തിൽ ജില്ലയിലെ മരണ നിരക്ക് 1000 കടക്കാൻ ഒരു വർഷത്തിലധികമാണ് എടുത്തത്. എന്നാൽ, രണ്ടാം വരവിൽ ഈ നാഴികക്കല്ല് പിന്നിടാൻ എടുത്തത് കേവലം ഒരു മാസത്തിന് താഴെ. കഴിഞ്ഞ വർഷം ഏപ്രിൽ 30ന് ജില്ലയിൽ 989 മാത്രമായിരുന്നു മരണനിരക്ക്. കൊവിഡിന്റെ രണ്ടാം തരംഗം എത്രത്തോളം രൂക്ഷമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ കണക്കുകളെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ജില്ലയിൽ ഇന്നലെ വരെ 2071...... പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഏറ്റവും ഉയർന്ന മരണനിരക്കും തലസ്ഥാന ജില്ലയിൽ തന്നെയാണ്.

ജില്ലയിലെ കൊവിഡിന്റെ രണ്ട് തരംഗങ്ങൾ താരതമ്യം ചെയ്താൽ മരണനിരക്ക് രണ്ട് വിഭാഗക്കാരിൽ കുറവാണെന്ന് മനസിലാക്കാനാകും. 60നും 69നും ഇടയിൽ പ്രായമുള്ളവരിലും 70 വയസിന് മുകളിലുള്ളവരിലെയും മരണനിരക്ക് ഏപ്രിൽ 18ന് ശേഷം കുറഞ്ഞതായി കാണാം. അതേസമയം,​ കഴിഞ്ഞ രണ്ട് മാസത്തിനിടെ 10 -39,​ 40-59 പ്രായമുള്ളവരിൽ മരണ നിരക്ക് ഉയരുകയും ചെയ്തു. 10നും 39നും ഇടയിലുള്ളവരുടെ മരണ നിരക്ക് ഏപ്രിലിന് മുമ്പ് നാല് ശതമാനം ആയിരുന്നെങ്കിൽ അടുത്ത രണ്ട് മാസം കൊണ്ട് ഇത് അഞ്ച് ശതമാനമായി ഉയരുകയായിരുന്നു. 40നും 59നും ഇടയിലുള്ള പ്രായക്കാരിലെ മരണ നിരക്ക് ഇതേ കാലയളവിൽ 25 ശതമാനത്തിൽ നിന്ന് 31 ശതമാനമായാണ് ഉയർന്നത്.


ഒന്നാം തരംഗത്തിൽ 70ന് മുകളിൽ പ്രായമുള്ളവരിൽ അതിരൂക്ഷമായിരുന്ന മരണ നിരക്ക് 39 ശതമാനത്തിൽ നിന്ന് 38 ശതമാനമായി കുറഞ്ഞു. അതേസമയം,​ 60നും 69നും ഇടയിൽ പ്രായമുള്ളവരുടെ മരണനിരക്ക് 32 ശതമാനത്തിൽ നിന്ന് 26 ശതമാനമായി താഴുകയും ചെയ്തു.

എന്നാൽ,​ ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വ്യത്യാസം ഉണ്ടായിട്ടില്ല. ഏപ്രിൽ നാലാമത്തെ ആഴ്ചയ്ക്ക് ശേഷം മേയ് രണ്ടാമത്തെ ആഴ്ചയിലേക്ക് എത്തിയപ്പോൾ 40നും 60നും ഇടയിൽ പ്രായമുള്ളവരുടെ ആഴ്ചയിലെ രോഗബാധിതരുടെ എണ്ണം 3912ൽ നിന്ന് 8369ലേക്ക് കുതിച്ചുയർന്നു. മേയ് നാലാംവാരം പോസിറ്റീവ് കേസുകൾ 5987ലേക്ക് താഴ്ന്നപ്പോൾ,​ ഈ വിഭാഗത്തിലെ മരണ നിരക്ക് 16 ൽ നിന്ന് 66 വരെ ഉയർന്നു.

10-19,​ 30-39,​ 40-49 പ്രായക്കാരിലുള്ള മരണ നിരക്ക് ഏപ്രിൽ 18ന് ശേഷം ക്രമേണ ഉയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം,​ 50-59, 60-69, 70-79, 80-89,​ 90ന് മുകളിൽ പ്രായക്കാരുടെ മരണനിരക്ക് വാക്സിനേഷന് മുമ്പ് താഴുകയും ചെയ്തു. ഏപ്രിലിന് ശേഷം 18,​962 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ച ജില്ലയിൽ എല്ലാ വിഭാഗങ്ങളിലുമായി 917 മരണങ്ങളാണ് ഉണ്ടായത്.

കൊവിഡിന്റെ ആദ്യത്തേയും രണ്ടാമത്തേയും തരംഗത്തിന്റെ സമയത്ത് പുരുഷന്മാരിലും സ്ത്രീകളിലും ഉണ്ടായ മരണ നിരക്കിലും മാറ്റം വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം സ്ത്രീകളിലെ മരണനിരക്ക് 35 ശതമാനം ആയിരുന്നത് രണ്ടാം തരംഗത്തിൽ 40 ശതമാനമായി ഉയർന്നു. അതേസമയം,​ പുരുഷന്മാരിലെ മരണ നിരക്ക് 65 ശതമാനത്തിൽ നിന്ന് 60 ശതമാനമായി താഴുകയാണ് ചെയ്തു എന്നതും ശ്രദ്ധേയമാണ്. ഏപ്രിലിനും ജൂണിനും ഇടയിൽ പോസിറ്റീവായവരുടെ എണ്ണം 1.45 ലക്ഷത്തിൽ നിന്ന് 2.6 ലക്ഷം ആകുകയും ചെയ്തിട്ടുണ്ട്.