knife-attack

ബെയ്ജിം​ഗ്: കിഴക്കൻ ചെെനയിൽ തൊഴിൽ രഹിതനായ യുവാവ് ആറുപേരെ കുത്തി കൊലപ്പെടുത്തി. യുവാവിന്റെ ആക്രമണത്തിൽ പതിനാലു പേർക്ക് പരിക്കേറ്റിട്ടുണ്ട്. അടുത്ത രണ്ടാഴ്ചക്കിടയിൽ നടന്ന സമാനമായ മൂന്നാമത്തെ സംഭവമാണ് ഇതെന്ന് പ്രാദേശിക ഉദ്യോ​ഗസ്ഥർ പറഞ്ഞു.

ഹുയിനിം​ഗ് കൺട്രിയിൽ നിന്നുളള 25 വയസുകാരനായ 'വു' എന്ന യുവാവാണ് സാധാരണ ജനങ്ങൾക്കെതിരെ ആക്രമണം നടത്തിയത്. കുടുംബപ്രശ്നങ്ങളാണ് യുവാവിനെ പ്രകോപിതനാക്കിയതെന്നും ആക്രമത്തിലേക്ക് നയിച്ചതെന്നും അൻകിം​ഗ് നഗരത്തിലെ അൻഹുയി പ്രവിശ്യ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

കുടുംബ പ്രശ്നവും അശുഭാപ്തി വിശ്വാസവുമാണ് യുവാവിനെ കൊലപാതകങ്ങൾക്ക് പ്രേരിപ്പിച്ചതെന്ന് മുൻസിപ്പൽ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ പതിനാലു പേരിൽ ഒരാളുടെ നില ​ഗുരുതരമാണ്. മറ്റു പതിമൂന്നുപേരും സാധാരണ സ്ഥിതിയിലേക്ക് മടങ്ങി വരികയാണെന്നും ഹോങ്കോം​ഗ് ആസ്ഥാനമായുളള സൗത്ത് ചെെന മോർണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

സംഭവത്തിന്റെ ഇന്റർനെറ്റിൽ പ്രചരിക്കുന്ന വീഡിയോയിൽ ന​ഗര മദ്ധ്യത്തിലെ റെൻമിൻ റോഡിനടുത്തുളള നടപ്പാതയിൽ നിരവധി കാൽനടയാത്രക്കാർക്ക് പരിക്കേറ്റതായും പാതയോ​ഗത്ത് ഒന്നിലധികം സ്ഥലത്ത് രക്തക്കറയും കാണാം. പ്രതിയെ നാല് പൊലീസ് ഉദ്യോ​ഗസ്ഥർ ചേർന്നാണ് കീഴടക്കിയത്. തുടർച്ചയായി നടന്ന ആക്രമങ്ങൾ ചെെനയിലെ പൊതു ജനങ്ങൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.

സാമൂ​ഹിക-സാമ്പത്തിക പ്രശ്നങ്ങളാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് കുറ്റപ്പെടുത്തി നിരവധിപ്പേർ രംഗത്തെത്തി. ചാൻചാൻ എന്ന നെറ്റിസൺ സോഷ്യൽ മീഡിയ വെബ്സെെറ്റായ വെയ്ബോയിൽ ധനികനും ദരിദ്രനും തമ്മിലുളള അന്തരം വലുതാണെന്ന് പ്രതികരിച്ചു.