തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസ് പാർട്ടിയേയും നേതാക്കളേയും ഒരുപോലെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ പാർട്ടി നിലപാട് വിശദീകരിക്കാൻ സാമൂദ്ധ്യമാദ്ധ്യമങ്ങളിലെ പുത്തൻ പ്ലാറ്റ്ഫോം തിരഞ്ഞെടുത്ത് ബി ജെ പി സംസ്ഥാനഘടകം. കൊടകരയിലെ ബി ജെ പി വേട്ടയെന്ന വിഷയത്തിൽ യുവമോർച്ചയാണ് ക്ലബ് ഹൗസിൽ ഇന്ന് രാത്രി ഒമ്പത് മണിയ്ക്ക് ചർച്ച സംഘടിപ്പിക്കുന്നത്.
ബി ജെ പിയുടെ മുൻനിര നേതാക്കളായ വി മുരളീധരൻ, കുമ്മനം രാജശേഖരൻ, വി വി രാജേഷ്, അനീഷ്‌കുമാർ, ടി ജി മോഹൻദാസ്, പ്രഫുൽ കൃഷ്‌ണൻ, നവ്യാ ഹരിദാസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും. ആരോപണങ്ങൾ നേരിടുന്ന സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ചർച്ചയിൽ പങ്കെടുക്കില്ല. അന്വേഷണത്തിലേക്ക് അദ്ദേഹത്തിന്‍റെ കുടുംബം വരെ വലിച്ചിഴക്കപ്പെട്ട സാഹചര്യത്തിൽ അദ്ധ്യക്ഷനെ സംരക്ഷിക്കുക എന്നതായിരിക്കും ക്ലബ് ഹൗസ് ചർച്ചയുടെ പ്രധാന അജണ്ട. അതേസമയം, കൃഷ്‌ണദാസ് പക്ഷക്കാരായ ഒരു നേതാക്കളും ചർച്ചയിൽ ഇല്ലെന്നതാണ് ശ്രദ്ധേയമാണ്.