തിരുവനന്തപുരം: പശ്ചിമഘട്ട മലനിരകളുടെ കേരളത്തിലെ നിത്യ ഹരിത വനങ്ങളിൽ നിന്നും സസ്യലോകത്തിലേക്ക് ഒരു പുതിയ സസ്യം. ‘അക്കാന്തേസിയ' എന്ന സസ്യകുടുംബത്തിലെ അംഗമായ റങ്കിയ ലോൺജിഫോളിയ എന്ന ശ്രീലങ്കൻ സസ്യത്തിന്‍റെ ഉപജാതീയ ഇനത്തിൽപ്പെട്ട ഈ പുതിയ സസ്യത്തിന് ‘റങ്കിയ ലോൺജിഫോളിയ സബ് സ്‌പീഷ് കേരളൻസിസ്' എന്നാണ് നാമകരണം ചെയ്‌തിരിക്കുന്നത്. പശ്ചിമഘട്ടത്തിലെ കേരള വന പ്രദേശത്ത് നിന്നും കണ്ടെത്തിയതിനാലാണ് പുതിയ സസ്യത്തിന് കേരളൻസിസ് എന്ന പേര് നൽകിയത്.
കൊല്ലം ജില്ലയിലെ ചെന്തുരുണി വന്യജീവി സങ്കേതത്തിലും തിരുവനന്തപുരം ജില്ലയിലെ ബ്രെയ്മൂർ വനമേഖലയിലും മാത്രം കണ്ടുവരുന്ന ഈ സസ്യത്തെ കുറിച്ചുള്ള ലേഖനം കേരള സർവകലാശാല ബോട്ടണി ഡിപ്പാർട്ട്മെന്‍റിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ജേർണലായ 'എബ്രഹാമിയ ഇന്‍റർനാഷണൽ ജേണൽ ഓഫ് പ്ലാന്‍റ് സയൻസ്’ന്‍റെ ഏറ്റവും പുതിയ ലക്കത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിലെ ശാസ്ത്രജ്ഞരായ ഡോ ഇ എസ് സന്തോഷ് കുമാർ, ഡോ സാം പി മാത്യു, കേരള സർവ്വകലാശാല ബോട്ടണി ഡിപ്പാർട്ട്മെന്‍റിലെ ഗവേഷകനായിരുന്ന ഡോ ആർ ജഗദീശൻ, കേരള സർവ്വകലാശാല സെന്‍റർ ഫോർ ബയോഡൈവേഴ്‌സിറ്റിയുടെ ഡയറക്‌ടറായ ഡോ എ ഗംഗാപ്രസാദ് എന്നിവരാണ് ഈ ചെടിയുടെ കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്.
റങ്കിയ എന്ന ജനുസിൽപ്പെട്ട പത്തൊമ്പതോളം സസ്യങ്ങൾ ഇന്ത്യയിൽ കണ്ടുവരുന്നുണ്ട്. അതിൽ പതിനഞ്ചോളം സസ്യങ്ങൾ പശ്ചിമഘട്ടത്തിൽ കാണപ്പെടുന്നവയാണ്. പിങ്കിൽ വെള്ള കലർന്ന നിറത്തോടു കൂടിയുള്ള പൂക്കളാണ് ഈ സസ്യത്തിനുള്ളത്. ഈ സസ്യം ഓഗസ്റ്റ് മുതൽ ഫെബ്രുവരി വരെ മാത്രമേ നിലനിൽക്കാറുള്ളൂ.
നിത്യ ഹരിത വനങ്ങളും ചോലക്കാടുകളും നിറഞ്ഞ ഇവയുടെ ആവാസ വ്യവസ്ഥ കേരളം ഉൾപ്പെടുന്ന തെക്കൻ പശ്ചിമഘട്ടത്തിന്‍റെ മാത്രം പ്രത്യേകതയാണ്. ആയതിനാൽ ഈ പ്രദേശങ്ങൾ വളരെയധികം സംരക്ഷണ പ്രാധാന്യം അർഹിക്കുന്നു. ഈ സസ്യത്തിന്‍റെ ഔഷധ ഗുണങ്ങളും മറ്റും ഇനിയും ശാസ്ത്ര ലോകം കണ്ടെത്തിയിട്ടില്ല. അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടക്കുന്നതായി ജൈവ വൈവിദ്ധ്യ കേന്ദ്രം ഡയറക്‌ടർ ഡോ എ ഗംഗാപ്രസാദ് പറഞ്ഞു.