മത്തി പൊരിച്ചത്
ചേരുവകൾ
മത്തി: ആറെണ്ണം (വലുത്)
കുരുമുളക് പൊടി: മൂന്ന് ടീസ്പൂൺ
മഞ്ഞൾപൊടി: കാൽ ടീസ്പൂൺ
ഉപ്പ് : പാകത്തിന്
ചുവന്നുള്ളി: രണ്ടല്ലി (ചതച്ചത്)
വെളുത്തുള്ളി: രണ്ട് ചുള (ചതച്ചത്)
മല്ലിപ്പൊടി : ഒരുനുള്ള്
വെളിച്ചെണ്ണ: പൊരിക്കാൻ വേണ്ടത്
തയ്യാറാക്കുന്ന വിധം
മത്തി കഴുകി വൃത്തിയാക്കി വരയിടുക. എന്നിട്ട് എല്ലാ ചേരുവയും കുഴച്ച് മത്തിയിൽ തേക്കുക. പത്ത് മിനിട്ട് വെച്ചതിനുശേഷം പൊരിച്ചെടുക്കുക.
പുഴ ഞണ്ട് പൊരിച്ചത്
ചേരുവകൾ
പുഴ ഞണ്ട്: അഞ്ചെണ്ണം
മുളകുപൊടി: നാല് ടീസ്പൂൺ
മഞ്ഞൾപ്പൊടി: കാൽ ടീസ്പൂൺ
ഉപ്പ്: പാകത്തിന്
വെളുത്തുള്ളി : മൂന്നല്ലി (ചതച്ചത്)
വെളിച്ചെണ്ണ: പൊരിക്കാൻ വേണ്ടത്
കറിവേപ്പില: ആവശ്യത്തിന്
പച്ചമുളക്: രണ്ടെണ്ണം (നീളത്തിൽ മുറിച്ചത്)
തയ്യാറാക്കുന്ന വിധം
ഞണ്ട് വൃത്തിയാക്കിയതിന് ശേഷം 2 മുതൽ 6 വരെയുള്ള ചേരുവ തേച്ച് പിടിപ്പിക്കുക. ഞണ്ടിന്റെ കാലും എടുക്കണം. എന്നിട്ട് ചൂടായ എണ്ണയിൽ വറുത്ത് കോരുക. കറിവേപ്പിലയും പച്ചമുളകും എണ്ണയിൽ വറുത്ത് കോരി ഇതിന് മുകളിൽ ഇടുക. തോട് പൊട്ടിച്ചു കളഞ്ഞ് കഴിക്കുക.
കൂന്തൾ പൊരിച്ചത്
(കണവ)
ചേരുവകൾ
കൂന്തൾ: അരക്കിലോ
മുളക് പൊടി: രണ്ട് ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി: കാൽ ടീസ്പൂൺ
ഉപ്പ്: പാകത്തിന്
വെളിച്ചെണ്ണ: ആവശ്യത്തിന്
വെളുത്തുള്ളി : മൂന്നല്ലി (ചതച്ചത്)
ചുവന്നുള്ളി : എട്ടെണ്ണം (ചതച്ചത്)
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കിയ കൂന്തൾ വട്ടത്തിൽ മുറിച്ച് 2,3,4,6 എന്നീ ചേരുവകൾ കുഴച്ച് പത്ത് മിനിറ്റ് വെക്കുക. അതിന് ശേഷം ഒരു ചീനച്ചട്ടിയിൽ ഇട്ട് ഒരല്പം വെള്ളം ഒഴിച്ച് മൂടിവച്ച് വേവിക്കുക. വെള്ളം വറ്റിയാൽ ആവശ്യത്തിനുള്ള വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി കൊടുക്കുക. മൂടിവെച്ച് വേണം വേവിക്കാൻ. അല്ലെങ്കിൽ പൊട്ടിത്തെറിക്കും. എന്നിട്ട് മുക്കാൽ വേവായാൽ ഏഴാമത്തെ ചേരുവ ചേർത്ത് വീണ്ടും ഇളക്കുക. എന്നിട്ട് വീണ്ടും വേവിക്കുക. വെന്തതിന് ശേഷം വാങ്ങുക.
കരിമീൻ പൊള്ളിച്ചത്
ചേരുവകൾ
കരിമീൻ : രണ്ടെണ്ണം (വലുത്)
കുരുമുളക്: രണ്ട് പിടി (പൊടിച്ചത്)
മുളക് പൊടി: രണ്ട് ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി: കാൽ ടീസ്പൂൺ
ഉപ്പ്: പാകത്തിന്
ഇഞ്ചി: ഒരു ചെറിയ കഷണം (ചതച്ചത്)
വെളുത്തുള്ളി അഞ്ചല്ലി: (ചതച്ചത്)
പെരുംജീരകപ്പൊടി: ഒരു നുള്ള്
ചുവന്നുള്ളി: മൂന്നെണ്ണം (ചതച്ചത്)
വെളിച്ചെണ്ണ: ആവശ്യത്തിന്
കറിവേപ്പില: ആവശ്യത്തിന്
മല്ലിയില: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കരിമീനിന്റെ തല അതിന് മുകളിൽ തന്നെ വെച്ച് വൃത്തിയാക്കിയതിന് ശേഷം നന്നായി കഴുകി നടുകീറി 2 മുതൽ 9 വരെയുള്ള ചേരുവ കുഴച്ച് ഇതിന് മുകളിലും ഉള്ളിലും തേക്കുക. എന്നിട്ട് വെളിച്ചെണ്ണയിൽ ഒന്ന് വാട്ടിയെടുക്കുക. അതായത് ചെറുതായി ഒന്ന് വേവിച്ചെടുക്കുക. എന്നിട്ട് വാഴയിലയിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിന് മുകളിൽ കരിമീൻ വെച്ച് ബാക്കിയുള്ള മസാലക്കൂട്ട് ഇതിൽ പൊതിഞ്ഞ് മുകളിൽ കുറച്ച് കൂടെ വെളിച്ചെണ്ണയും കറിവേപ്പിലയും മല്ലിയിലയും വിതറി ഇല മടക്കി ഒരു നോൺസ്റ്റിക്ക് പാനിൽ രണ്ട് ഭാഗവും നന്നായി വേവിച്ചെടുക്കുക. പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് വേണം വേവിക്കാൻ. പച്ചക്കുരുമുളക് ആണെങ്കിൽ ഒന്നുകൂടെ നന്നായിരിക്കും. ഓവൻ ഉണ്ടെങ്കിൽ ഓവനിൽ ഗ്രിൽ ചെയ്തെടുത്താൽ മതി. ചെറുനാരങ്ങ വെച്ച് അലങ്കരിക്കാം.