തിരുവനന്തപുരം: ഏറെ കൊട്ടിഘോഷിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അധ്യക്ഷനാക്കി ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച ഭരണപരിഷ്കാര കമ്മീഷൻ പണം ചിലവാക്കുന്ന വെള്ളാനയായിരുന്നുവെന്ന തെളിവുകൾ പുറത്ത്. ഇതുവരെയായി 13ഓളം റിപ്പോർട്ടുകൾ കമ്മീഷൻ സർക്കാരിനു മുന്നിൽ സമർപ്പിച്ചുവെങ്കിലും ഒരെണ്ണം പോലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ശമ്പളം അടക്കമുള്ള കമ്മീഷന്റെ ആകെ ചിലവ് 10,79,29,050 രൂപയാണ്.
പി സി വിഷ്ണുനാഥ് എംഎൽഎയുടെ ചോദ്യത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചതാണ് ഈ കണക്കുകൾ. കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടുകൾ വിലയിരുത്തി അതിന്മേൽ തീരുമാനങ്ങൾ എടുക്കുന്നതിനു വേണ്ടി ചീഫ് സെക്രട്ടറി ചെയര്‍മാനായ സമിതി രൂപീകരിച്ചതായും സമിതി റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.
കമ്മീഷൻ്റെ ആദ്യ റിപ്പോർട്ട് വിജിലൻസിൻ്റെ പരിഷ്കാരം സംബന്ധിച്ച് 2017ലായിരുന്നു സമർപ്പിച്ചത്. തുടർന്ന് 2018ൽ രണ്ട് റിപ്പോർട്ടുകളും 2019ൽ ഒന്നും 2020ൽ നാലും 2021ൽ അഞ്ചുമ റിപ്പോർട്ടുകൾ കമ്മീഷൻ സമർപ്പിച്ചു. 2021 ഏപ്രിലിൽ കമ്മീഷൻ പ്രവർത്തനം അവസാനിപ്പിച്ചു.