modi

ന്യൂഡൽഹി: കൊവിഡിനെ നേരിടാൻ രാജ്യത്ത് ആരോഗ്യ മേഖലയിൽ മികച്ച രീതിയിൽ അടിസ്ഥാന സൗകര്യ വികസനം കേന്ദ്ര സർക്കാ‌‌ർ‌ നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 100 വർഷത്തിനിടെ രാജ്യം കാണാത്ത തരം മഹാമാരിയാണ് കൊവിഡ്. രോഗത്തെ ഒറ്റക്കെട്ടായി രാജ്യം നേരിടുകയാണ്. ഈ പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

രാജ്യത്തെ വാക്‌സിൻ നയത്തിൽ മാറ്റം വരുത്തുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വാക്‌സിൻ എല്ലാവർക്കും സൗജന്യമായിരിക്കും. ഇതോടെ 18 വയസിന് മുകളിലുള‌ളവർക്കെല്ലാം വാക്‌സിൻ സൗജന്യമായി. ലോക യോഗാ ദിനമായ ജൂൺ 21 മുതലായിരിക്കും സൗജന്യ വാക്‌സിൻ ലഭ്യമാക്കുക. കേന്ദ്ര സർക്കാ‌ർ വാക്‌സിൻ വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 75 ശതമാനം വാക്‌സിൻ കേന്ദ്ര സ‌ർക്കാ‌ർ കമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങി നൽകും. 25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് വാങ്ങാം. എന്നാൽ ഇവ പരമാവധി 150 രൂപ മാത്രമേ സർവീസ് ചാർജായി ഈടാക്കാവൂവെന്നും പ്രധാനമന്ത്രി അറിയിച്ചു.

കൊവിഡിനെ നേരിടാൻ ഏറ്റവും വലിയ ആയുധം പ്രോട്ടോകോൾ പാലിക്കുകയാണ്. മാസ്‌ക് ധരിക്കുക, ആറടി അകലം പാലിക്കുക മുതലായവ കർശനമായി പാലിക്കണം. രാജ്യത്ത് കൊവിഡ് രണ്ടാം ഘട്ട വ്യാപനത്തിൽ വിചാരിക്കാത്ത തരത്തിൽ ഓക്‌സിജൻ ആവശ്യമുണ്ടായി. വേണ്ട ഓക്‌സിജൻ എത്തിക്കാൻ അടിയന്തര നടപടിയെടുത്തതായി പ്രധാനമന്ത്രി അറിയിച്ചു.ദീപാവലിയോടനുബന്ധിച്ച് രാജ്യത്തെ 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

കൊവിഡ് പ്രതിരോധത്തിന് വാക്‌സിനാണ് ഏറ്റവും വലിയ സുരക്ഷാ കവചം. വാക്‌സിൻ നിർമ്മിക്കുന്ന കമ്പനികൾ വിരളമായിരുന്നു. ഇന്ത്യ വാക്‌സിൻ നിർമ്മാണം ആരംഭിച്ചില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? ഇപ്പോൾ 23 കോടി വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്‌തു കഴിഞ്ഞു. പുതിയ വാക്‌സിനായുള‌ള പരീക്ഷണങ്ങൾ തുടരുന്നു. കുട്ടികൾക്കുള‌ള രണ്ട് വാക്‌സിനുകളുടെ പരീക്ഷണവും നടക്കുകയാണ്. മൂക്കിലൂടെ നൽകുന്ന വാക്‌സിനുകളുടെയും പരീക്ഷണം നടക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഒരു വർഷത്തിനിടെ ഇന്ത്യ രണ്ട് വാക്‌സിൻ പുറത്തിറക്കിയതായും ഏഴോളം കമ്പനികൾ വാക്‌സിനുകൾ തയ്യാറാക്കുന്നുണ്ടെന്നും ഇതിൽ മൂന്നെണ്ണം അവസാന ഘട്ടത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.