സമൂഹമാദ്ധ്യമങ്ങളിലെ വ്യാജമരണവാർത്തയ്ക്ക് പുതിയ
ഇരയായി തീർന്ന പഴയകാല നടി സുരേഖ പ്രതികരിക്കുന്നു
'ഞാൻ മരിച്ചിട്ടില്ല .ജീവിച്ചിരിപ്പുണ്ട്.സമൂഹമാദ്ധ്യമങ്ങൾഎന്നെ കൊന്ന വിവരം അറിഞ്ഞു.ബാബുസാറും ( തകരയുടെ നിർമാതാവ്) പ്രതാപ് പോത്തനും സംവിധായകൻ ജയരാജുമെല്ലാം വിളിച്ചു.ജീവിച്ചരിക്കുമ്പോൾ തന്നെ മരണവാർത്തയും അറിയാൻ കഴിഞ്ഞു. വാർത്ത കൊടുക്കുമുൻപേ സത്യമാണോയെന്ന് ആരും അന്വേഷിച്ചില്ല.""
പദ്മരാജന്റെ തകരയിലൂടെ മലയാളത്തിൽ അരങ്ങേറി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച പഴയകാല നടി സുരേഖ സംസാരിക്കുകയായിരുന്നു.ഇന്നലെ രാവിലെയാണ് സമൂഹമാദ്ധ്യമങ്ങളിൽ സുരേഖയുടെ വ്യാജമരണവാർത്ത പ്രത്യക്ഷപ്പെട്ടത്.സുരേഖയുടെ ചിത്രം സഹിതം എത്തിയ വാർത്ത സത്യമാണെന്ന് ആളുകൾ വിശ്വസിക്കുകയും ചെയ്തു.
'' വാർത്തയുടെ ലിങ്ക് ലഭിച്ചിരുന്നു. മലയാളം വാർത്തയായതിനാൽ 'മരണവാർത്ത' വായിക്കാൻ കഴിഞ്ഞില്ല. ജീവിച്ചിരിക്കുന്നവരെ ദയവായി കൊല്ലരുത്. എന്റെ മോളെ വിളിച്ചും ചോദിച്ചവരുണ്ട്.ഉച്ചവരെ ഫോണിന് വിശ്രമമില്ലായിരുന്നു.""സുരേഖയുടെ വാക്കുകൾ.തകരയിലെ സുഭാഷിണിയാണ് മലയാളിക്ക് ഇപ്പോഴും സുരേഖ.നാല്പത് വയസ് പിന്നിടുന്നു തകരയുടെ ഓർമ്മകൾക്ക് . മൂന്നു ഭാഷകളിൽ അഭിനയിച്ച് ആന്ധ്രാകാരിയായ സുരേഖ അറിയപ്പെട്ടു. എന്നാൽ അഭിനയജീവിതം സുരേഖ ഇപ്പോൾ ഉപേക്ഷിച്ചിരിക്കുകയാണ്.
''അഭിനയിക്കാൻ അവസരം വരുന്നുണ്ട്. എന്നാൽ താത്പര്യമില്ല.ഇനി ഒരിക്കലും സിനിമയിൽ അഭിനയിക്കില്ല. മുഴുവൻ സമയവും വീട്ടിൽ തന്നെയാണ്. ഒഴിവുസമയത്ത് പ്രാർത്ഥനയിൽ മുഴുകും.എല്ലാം ദൈവ ഹിതമെന്ന് കരുതുന്നു. വിജയങ്ങൾ, പരാജയങ്ങൾ എന്നിവയെപ്പറ്റി ചിന്തിക്കാറുണ്ട്. ജീവിതത്തെപ്പറ്റിയും. ""സുരേഖ പറഞ്ഞു. സുരേഖയുടെ പിതാവിന്റെ സഹോദരൻമാരിൽ ഒരാൾ സംവിധായകനും മറ്റൊരാൾ അക്കാലത്ത് തെലുങ്ക് സിനിമയിലെ പ്രശസ്തനായ നിർമ്മാതാവുമാണ്. അമ്മാവൻ ഉലിലപ്പാട്ടി വിശ്വേശ്വരറാവു നിർമ്മാണ രംഗത്ത് .
നാഗാർജുനയുടെ അച്ഛൻ അക്കിനേനി നാഗേശ്വരറാവുവിന്റെ കൂടെ സുരേഖയുടെ അച്ഛൻ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ തന്നെയായിരുന്നു ലക്ഷ്യം. എന്നാൽ നല്ല അവസരം ലഭിച്ചില്ല.മകളെ സിനിമയിൽ അഭിനയിപ്പിക്കാൻ ആഗ്രഹിച്ചു.
''എനിക്ക് തീരെ താത്പര്യം ഉണ്ടായില്ല. എന്നാൽ അപ്രതീക്ഷിതമായി 'കരുണാമയിഡു" തെലുങ്ക് ചിത്രത്തിൽ കന്യാമറിയത്തിന്റെ വേഷം ചെയ്യാൻ അവസരം ലഭിച്ചു. മേക്കപ്പ് ടെസ്റ്ര് നടത്തി ഫോട്ടോ കണ്ടപ്പോൾ സംവിധായകൻ ഭീംസിംഗ് സാറിന് ഇഷ്ടപ്പെട്ടു. സംവിധായകൻ മനസിൽ കണ്ട അതേ രൂപം. 252 കുട്ടികളെ മേക്കപ്പ് ടെസ്റ്റ് നടത്തിയിട്ടും ഭീം സിംഗ് സാറിന് ഇഷ്ടപ്പെട്ടില്ല. അന്ന് ഞാൻ ഒൻപതാം ക്ളാസിൽ പഠിക്കുകയാണ്. രണ്ടാമത് സിനിമയായ 'തകര" ജീവിതം മാറ്റി. മലയാളത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും ശ്രദ്ധേയ നായികയാവാൻ കഴിയാതെ പോയി എന്നു കരുതുന്നു. ആളുകളുടെ മനസിൽ സുഭാഷിണി ഉറച്ചുപോയി. അതിൽ നിന്നു പുറത്തുകടക്കാൻ കഴിഞ്ഞില്ല.നഗരത്തിൽ ജീവിക്കുന്ന പെൺകുട്ടിയുടെ വേഷത്തിൽ വന്നാൽ എന്നെ കാണാൻ പ്രേക്ഷകർ ഇഷ്ടപ്പെട്ടില്ല.
സുഭാഷിണിക്ക് മുകളിൽ നിൽക്കുന്ന കഥാപാത്രം ലഭിക്കാതെ പോയി.'' സുരേഖയുടെ മകൾ കാതറിൻ ബയോടെക്നോളജി ബിരുദപഠനം കഴിഞ്ഞു. അമ്മ സിനിമ നടിയാണെന്ന് പത്തു വയസ് വരെ കാതറിന് അറിയില്ലായിരുന്നു. സിനിമയിൽ മികച്ച അഭിനയം അമ്മ കാഴ്ചവച്ചിട്ടുണ്ടെന്ന് ഒരിക്കൽ ചെന്നൈയിൽ വച്ച് ജയറാമും മണിയൻപിള്ള രാജുവും പറഞ്ഞപ്പോഴാണ് വിശ്വാസം വന്നത്. ''കാതറിന് സിനിമയോട് താത്പര്യമില്ലായിരുന്നു. ഇപ്പോൾ മാറി. പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽനിന്ന് അവസരം വരുന്നുണ്ട്.അഭിനയിക്കണോ വേണ്ടയോ എന്നു അവൾ തീരുമാനിക്കട്ടെ. മകൾ ചെയ്യുന്ന നല്ലതിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് അമ്മ എന്ന നിലയിൽ എന്റെ കർത്തവ്യം.""സുരേഖ പറഞ്ഞു.