മുംബയ്: വിവിധ സംസ്ഥാനങ്ങൾ ലോക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ റെക്കാഡ് ഉയരത്തിൽ ഓഹരി വിപണി. 228.46 പോയിന്റ് നേട്ടത്തോടെ 52,328.51ലാണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സെൻസെക്സ് എത്തിയത്.
81.40 പോയിന്റ് നേട്ടത്തോടെ നിഫ്ടി 15,751.65ലെത്തി. റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി, പവർഗ്രിഡ് എന്നിവയാണ് സെൻസെക്സിലെ നേട്ടമുണ്ടാക്കിയ കമ്പനികൾ. നിഫ്ടി ഐ.ടി ഇൻഡക്സ് ഒരു ശതമാനം ഉയർന്നു. നിഫ്ടി മീഡിയ, ഓട്ടോ, പ്രൈവറ്റ് ബാങ്ക് എന്നീ ഇൻഡെക്സുകളും നേട്ടമുണ്ടാക്കി.
മെറ്റൽ, ഫാർമ, ഫിനാൻഷ്യൽ സർവീസ് എന്നിവയിൽ കടുത്ത വിൽപന സമ്മർദ്ദമുണ്ടായി. മിഡ്ക്യാപ്, സ്മാൾക്യാപ് ഷെയറുകളാണ് വിപണിയിൽ മികച്ച പ്രകടനം നടത്തിയത്. നിഫ്ടിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് അദാനി പോർട്ടാണ്. അഞ്ച് ശതമാനം നേട്ടമാണ് കമ്പനിക്കുണ്ടായത്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ് എന്നിവക്ക് വലിയ തിരിച്ചടി നേരിട്ടു.