നിറുത്തിവച്ച ഐ.പി.എൽ യു.എ.ഇയിൽ തുടരും
സെപ്തംബർ 19ന് തുടങ്ങും, ഒക്ടോബർ 15ന് ഫൈനൽ
മുംബയ് : ഇന്ത്യയിൽ നടന്നുവരവേ കൊവിഡ് വ്യാപനം കടുത്തതിനെത്തുടർന്ന് നിർത്തിവെച്ച ഐപിഎൽ ക്രിക്കറ്റ് ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങൾ സെപ്തംബർ 19ന് യു.എ.ഇയിൽ ആരംഭിക്കും. ഒക്ടോബർ 15-നാണ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്. ബി.സി.സി.ഐയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും തമ്മിൽ നടന്ന ചർച്ചയിലാണ് തീയതി സംബന്ധിച്ച് ധാരണയിലെത്തിയത്. മത്സരങ്ങൾ ദുബായ്, അബുദാബി, ഷാർജ എന്നീ വേദികളിലായാണ് നടക്കുക.
കഴിഞ്ഞ സീസണിൽ ഐ.പി.എല്ലിലെ എല്ലാ മത്സരങ്ങളും യു.എ.ഇയിലാണ് നടന്നത്. ഇക്കുറി കൊവിഡ് കുറഞ്ഞുനിന്ന സമയത്ത് ഇന്ത്യയിൽ ടൂർണമെന്റ് തുടങ്ങിയെങ്കിലും താരങ്ങൾക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ നിറുത്തി വയ്ക്കേണ്ടിവരികയായിരുന്നു.