തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ശുചീകരണത്തിന്റെ പേരിൽ നഗരസഭ നടത്തിയ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ വീടുകളിലും പാർട്ടി ഓഫീസുകളിലും സത്യഗ്രഹം നടത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഭക്തർ വീടുകളിൽ പൊങ്കാലയിട്ടത് ലോകം മുഴുവൻ കണ്ടപ്പോഴാണ് ലക്ഷങ്ങളുടെ അഴിമതി നടത്തിയിരിക്കുന്നതെന്ന് ഡി.സി.സി ഓഫീസിൽ സത്യഗ്രഹം അനുഷ്ഠിച്ച ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ പറഞ്ഞു.

ഈ വർഷം ഒരു ലോറിയിൽ പോലും പൊങ്കാലയുടെ പേരിൽ നഗരത്തിൽ നിന്ന് മാലിന്യം നീക്കം ചെയ്‌തിട്ടില്ല. പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതിന് തദ്ദേശസ്വയംഭരണവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭയിലെ 100 വാർഡുകളിലായി കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളും ബ്ലോക്ക് - മണ്ഡലം പ്രസിഡന്റുമാരും ബൂത്ത്‌ - വാർഡ് പ്രസിഡന്റുമാരും കൗൺസിലർമാരുമുൾപ്പെടെ നിരവധി ഭാരവാഹികൾ സത്യഗ്രഹത്തിൽ പങ്കുചേർന്നു.

ഡി.സി.സി ഓഫീസിൽ നടന്ന സത്യഗ്രഹത്തിൽ ഡി.സി.സി പ്രസിഡന്റിനെ കൂടാതെ ആർ. ഹരികുമാർ, പാളയം ഉദയകുമാർ, വിനോദ്‌സെൻ, നഗരസഭാ പ്രതിപക്ഷ നേതാവ് പി. പത്മകുമാർ,​ മഹിളാകോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ലക്ഷ്‌മി തുടങ്ങിയവർ പങ്കെടുത്തു.