കാസര്‍കോട്: നാമിനിർദ്ദേശ പത്രിക പിൻവലിക്കാൻ ബി.എസ്.പി സ്ഥാനാർത്ഥി കെ.. സുന്ദരയ്ക്ക് കൈക്കൂലി നൽകിയെന്ന പരാതിയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുത്തു. ഐപിസി 171 (B), 171 (E) വകുപ്പുകള്‍ അനുസരിച്ച് ബദിയടുക്ക പൊലീസാണ് കേസെടുത്തത്.
ബി.ജെ.പി നേതാക്കൾ വീട്ടിലെത്തി രണ്ടരലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്ന സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.വി. രമേശൻ കാസർകോട് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.. തുടർന്ന് കെ. സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി നൽകുകയായിരുന്നു.
നിലവിൽ എഫ്.ഐ.ആറിൽ സുരേന്ദ്രനെതിരെ മാത്രമാണ് കേസ്. ഐ.പി.സി 172 (B) വകുപ്പ് പ്രകാരം സുരേന്ദ്രനെ അറസ്റ്റ് ചെയ്യാൻ പൊലീസിനാകില്ല. കോടതിയുടെ അനുമതി വേണം. എന്നാൽ ബദിയടുക്ക പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ പത്രിക പിൻവലിക്കാനാവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ തട്ടിക്കൊണ്ട് പോയെന്നും ഭീഷണിപ്പെടുത്തിയെന്നും സുന്ദര മൊഴി നൽകിയിട്ടുണ്ട്. സുന്ദരയുടെ മൊഴിയനുസരിച്ച് പണം നൽകാൻ വീട്ടിലെത്തിയ ബി.ജെ.പി സംഘത്തിലുണ്ടായിരുന്ന സുനിൽ നായ്ക്, സുരേഷ് നായക്, അശോക് ഷെട്ടി എന്നിവരെയും പ്രതി ചേർക്കാനാണ് പൊലീസ് നീക്കം.