kalpana

ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻസാമ്പത്തിക വിദഗ്ദ്ധ കൽപന കൊച്ചാർ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനിൽ ചേരുന്നു. നിലവിൽ അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്)യിലെ സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായ കൊച്ചാർ അടുത്ത മാസം ഫണ്ടിൽ നിന്നും വിരമിക്കുകയാണ്. ഐ.എം.എഫിന്റെ ദൗത്യത്തിൽ വലിയ തോതിൽ സംഭാവനകൾ നൽകിയ വ്യക്തിയാണ് കൽപന കൊച്ചാർ. 33 വർഷം അവർ ഫണ്ടിൽ സേവനമനുഷ്ടിച്ചു. ബിൽഗേറ്റ്സും മുൻഭാര്യ മെലിൻഡ ഗേറ്റ്സും ചേർന്ന് തുടങ്ങിയ സംരംഭമാണ് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ. ഇവിടെ ഡെവലപ്മന്റ് പോളിസി ആൻഡ് ഫൈനാൻസ് മേധാവി ആയാണ് കൽപന കൊച്ചാർ ചേരുന്നത്. ആന്ധ്രാ പ്രദേശുകാരിയായ കൽപന ആദ്യകാല ജീവിതം കൂടുതലും ചെലവഴിച്ചത് ചെന്നൈയിലാണ്. ഐ.എം.എഫിൽ ചേരുന്നതിന് മുമ്പ് അമേരിക്കയിലെ പ്രശസ്തമായ ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രഫസറായിരുന്നു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഇന്ത്യയെ ഉപദേശിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു കൽപന കൊച്ചാർ.