അബുദാബി: ജീവിതത്തിനും മരണത്തിനുമിടയിലുള്ള അനിശ്ചിതത്വത്തിനു പൂർണ്ണ വിരാമമിട്ടുകൊണ്ട് വ്യവസായി എം എ യൂസഫലിയുടെ നിർണ്ണായക ഇടപെടൽ മൂലം ജയിൽ മോചിതനായ തൃശ്ശൂർ നടവരമ്പ് സ്വദേശി ബെക്സ് കൃഷ്ണൻ നാളെ നാട്ടിലേക്ക് തിരിക്കും. ചൊവ്വാഴ്ച രാത്രി 8.20ന് അബുദാബിയിൽ നിന്നും പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 1.45 ന് കൊച്ചിയിലെത്തുന്ന എത്തിഹാദ് വിമാനത്തിലാണ് ബെക്സ് ജനിച്ച മണ്ണിലേക്ക് വീണ്ടും മടങ്ങുന്നത്.
കുടുംബാംഗങ്ങളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്. വധശിക്ഷക്ക് വിധിക്കപ്പെട്ട് യുവാവിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്റെ ഇടപെടലോടെയാണ് മോചനത്തിനുള്ള സാദ്ധ്യത തെളിഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ച് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശൂർ പുത്തൻച്ചിറ ചെറവട്ട ബെക്‌സ് കൃഷ്ണന് വധശിക്ഷ ലഭിച്ചത്.
2012 സെപ്തംബര്‍ 7-നായിരുന്നു സംഭവം നടന്നത്. അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചർച്ചകൾക്ക് പിന്നാലെയാണ് കോടതി വഴി ശിക്ഷ പിൻവലിക്കാൻ കഴിഞ്ഞത്. യൂസഫലിയിൽ നിന്നും ദിയാ ധനമായി 5 ലക്ഷം ദിർഹം(ഒരു കോടി രൂപ) കുട്ടിയുടെ കുടുംബത്തിന് ലഭിച്ചിരുന്നു. അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ബെക്സ് ജോലി ചെയ്‌തിരുന്നത്.