harbhajan-singh

1984ലെ ബ്ലൂസ്റ്റാർ ഓപ്പറേഷനിൽ കൊല്ലപ്പെട്ട ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ജർനയിൽ സിംഗ് ഭിന്ദ്രൻവാലെയെ പ്രകീർത്തിക്കുന്ന തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ മാപ്പ് പറഞ്ഞ് ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. തനിയ്ക്ക് വാട്സാപ്പ് വഴി ലഭിച്ച സന്ദേശം വേണ്ടവിധം പരിശോധിക്കാതെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതാണെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ചിത്രത്തിലുള്ള വ്യക്തിയോടോ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളോടോ താൻ യോജിക്കുന്നില്ലെന്നും സംഭവിച്ച തെറ്റ് താൻ അംഗീകരിക്കുന്നതായും ഹർഭജൻ തന്റെ ട്വീറ്റ് വഴി പറഞ്ഞു.

My heartfelt apology to my people..🙏🙏 pic.twitter.com/S44cszY7lh

— Harbhajan Turbanator (@harbhajan_singh) June 7, 2021

'ഇന്ത്യയ്ക്കായി പോരാടുന്ന ഒരു സിഖുകാരനാണ് ഞാൻ. ഒരിക്കലും രാജ്യത്തിനെതിരെ പ്രവർത്തിക്കില്ല. ജനങ്ങളുടെ മനോവികാരം വ്രണപ്പെടുത്തിയതിന് മാപ്പ് ചോദിക്കുന്നു. 20 വർഷം രാജ്യത്തിന് വേണ്ടി പ്രവർത്തിച്ച ഞാൻ രാജ്യവിരുദ്ധ ശക്തികൾക്ക് ഒരിക്കലും പിന്തുണ നൽകില്ല.'-ഹർഭജൻ സിംഗ് തന്റെ ട്വീറ്റിൽ പറയുന്നു. ബ്ലൂസ്റ്റാർ ഓപ്പറേഷന്റെ മുപ്പത്തിയേഴാം വാർഷിക ദിനവുമായി ബന്ധപ്പെട്ടാണ് ഹർഭജൻ സിംഗ് പോസ്റ്റിട്ടത്.

ഓപ്പറേഷനിൽ സൈന്യം വധിച്ച ഖാലിസ്താൻ വിഘടനവാദി നേതാവിനെ പ്രകീർത്തിച്ചുകൊണ്ടുള്ള മെസേജാണ് ക്രിക്കറ്റർ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. ഭിന്ദ്രാവാലെയുടെ ചിത്രത്തിനൊപ്പം 'അഭിമാനത്തോടെ ജീവിച്ചു, മതത്തിന് വേണ്ടി ജീവൻ നൽകി'-എന്നും കുറിചിട്ടുണ്ടായിരുന്നു. ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിലും മറ്റുമായി അത് വൻതോതിൽ ചർച്ചയായി മാറുകയായിരുന്നു. തുടർന്ന്, വ്യാപക വിമർശനം ഉയർന്നതോടെ ഹർഭജൻ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

content details: harbhajan singh apologises for instagram post that supports bhindranwale.