അബുജ: നൈജീരിയൻ ഭീകരസംഘടനയായ ബൊക്കോഹരാമിന്റെ തലവൻ
അബൂബക്കർ ഷികൗ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിൻസാണ് (ഇസ്വാപ്) ഇക്കാര്യം സ്ഥിരീകരിച്ചത്. ഒരുമിച്ച് പ്രവർത്തിച്ചിരുന്ന ബൊക്കോഹരാമും ഇസ്വാപും 2016ൽ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വേർപിരിഞ്ഞിരുന്നു. തുടർന്ന് ഇരുസംഘടനകളും തമ്മിൽ ദീർഘ നാളായി സംഘർഷം നിലനില്ക്കുകയാണ്.
വടക്കു കിഴക്കൻ സംസ്ഥാനമായ ബോർണോയിൽ ഇരു ഭീകരസംഘടനകളും മേയ് 18ന് നടത്തിയ പോരാട്ടത്തിനിടെ, ബോംബ് പൊട്ടിത്തെറിച്ചാണ് അബൂബക്കർ മരിച്ചതെന്ന് ഇസ്വാപിന്റെ പ്രാദേശിക നേതാവ് അബു മുസബ് അൽ ബർണവിയുടെ പേരിലുള്ള സന്ദേശത്തിൽ പറയുന്നു. ഏറ്റുമുട്ടൽ നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് അബൂബക്കർ ഷികൗ കൊല്ലപ്പെട്ടുവെന്ന വാർത്ത പുറത്തു വരുന്നത്.
ഇസ്വാപ് അംഗങ്ങളുടെ റേഡിയോ സന്ദേശങ്ങൾ ചോർത്തിയ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് സംഭവം റിപ്പോർട്ട് ചെയ്തത്. സാംബിസ വനത്തിൽ ഷികൗവിന്റെയും കൂട്ടരുടെയും താവളം ഇസ്വാപ് സംഘാംഗങ്ങൾ വളയുകയും ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇവിടെ നിന്ന് ഷികൗ ആദ്യം രക്ഷപെടുകയും, അഞ്ച് ദിവസത്തോളം ഒളിവിൽ കഴിയുകയും ചെയ്തു. പിന്നീട് പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ സ്വയം ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ശബ്ദ സന്ദേശത്തിന്റെ ഉള്ളടക്കം.
ഇതിന് മുമ്പും ഷികൗ കൊല്ലപ്പെട്ടതായ വ്യാജ വാർത്തകൾ വന്നിട്ടുണ്ട്. ഒരിക്കൽ നൈജീരിയൻ സൈന്യം തന്നെ ഇയാളെ വധിച്ചതായി അവകാശപ്പെട്ട് രംഗത്ത് വന്നിരുന്നു. എന്നാൽ പിറ്റേന്ന് ടിവിയിൽ ഷികൗ പരസ്യമായി പ്രത്യക്ഷപ്പെട്ടിരുന്നു.