ബെയ്ജിംഗ്: ചെെനീസ് ജനസംഖ്യാ നിയന്ത്രണ നയങ്ങൾ 20 വർഷത്തിനുളളിൽ തെക്കൻ സിന്‍ജിയാംഗിലെ ഉയിഗർ മുസ്ലിം വിഭാഗത്തിന്റെയും മറ്റ് വംശീയ ന്യൂനപക്ഷങ്ങളുടെയും ജനനം 2.6 മുതൽ 4.5 ദശലക്ഷം വരെ കുറയ്ക്കുമെന്ന് റിപ്പോർട്ട്. ഒരു ജർമ്മൻ അനലിസ്റ്റ് നടത്തിയ പുതിയ പഠനം ഇക്കാര്യം സാധൂകരിക്കുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സിന്‍ജിയാംഗിലെ ജനന നിയന്ത്രണ നയങ്ങളുമായി ബന്ധപ്പെട്ട് ചെെനീസ് അക്കാദമിക് വിദഗ്ദ്ധരും ഉദ്യോഗസ്ഥരും നടത്തിയ ഗവേഷണ റിപ്പോർട്ടുകളിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉളളതായ് പറയപ്പെടുന്നു. 2017നും 2019നും ഇടയിൽ ജനനനിരക്ക് 48.7 ശതമാനം കുറഞ്ഞുവെന്ന് ഔദ്യോഗിക ഡേറ്റകൾ കാണിക്കുന്നു.
സിന്‍ജിയാംഗിലെ ഉയിഗർ വംശജരുടേയും മറ്റ് വംശീയ ന്യൂനപക്ഷങ്ങളുടെയും അനുപാതം കുറയ്ക്കുന്നത് ചെെനീസ് സർക്കാർ തങ്ങളുടെ ഔദ്യോഗിക ലക്ഷ്യമായി പരസ്യപ്പെടുത്തിയിട്ടില്ല. അതേസമയം സർക്കാർ നയം, സിൻജിയാംഗിലെ ഹാൻ ചെെനീസ് ജനസംഖ്യ 8.4 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയരുന്നതിന് കാരണമാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഉയിഗര്‍ മുസ്ലിം വിഭാഗത്തില്‍ പെട്ട സ്ത്രീകളെ ചൈനീസ് ഭരണകൂടം നിര്‍ബന്ധിത വന്ധ്യംകരണത്തിനും ജനസംഖ്യാ നിയന്ത്രണത്തിനും വിധേയമാക്കുന്നതായ അന്വേഷണ റിപ്പോര്‍ട്ടുകൾ നേരെത്തെ പുറത്ത് വന്നിരുന്നു. ചൈനയില്‍നിന്നും രക്ഷപ്പെട്ട് വിദേശരാജ്യങ്ങളില്‍ കഴിയുന്ന സ്ത്രീകളുമായി സംസാരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മറ്റു പ്രവിശ്യകളില്‍ ജനസംഖ്യ കൂട്ടാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോവുന്ന ചൈനീസ് സര്‍ക്കാര്‍ ഉയിഗര്‍ മുസ്ലിം വിഭാഗക്കാരും ന്യൂനപക്ഷ മുസ്ലീങ്ങളും തിങ്ങിനിറഞ്ഞ സിന്‍ജിയാംഗ് പ്രവിശ്യയില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് വന്ധ്യംകരിക്കുന്നതിന്റെ തെളിവുകളാണ് ടൈംസ് പുറത്തുവിട്ടത്. ചെെനയിൽ വളരെ ആധിപത്യമുള്ള ഹാൻ ചെെനീസ് സമൂഹം സിന്‍ജിയാംഗിലേക്ക് കുടിയേറാൻ തുടങ്ങിയതോടെയാണ് ഉയിഗറുകളുടെ മത, വാണിജ്യ, സാംസ്കാരിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള നയങ്ങൾ ചെെന കാലക്രമേണ വെട്ടിക്കുറയ്ക്കാൻ തുടങ്ങിയത്.