ജനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സുപ്രീം കോടതിയുടെ ഇടപെടൽ മൂലമാണ് ഉണ്ടായതെന്ന് സോഷ്യൽ മീഡിയ. വാക്സിൻ വാങ്ങുന്നതിനായി കേന്ദ്ര ബജറ്റിൽ നീക്കിവച്ച 35,000കോടി രൂപ എന്തുചെയ്തുവെന്നും ഈ തുകയിൽ എത്രത്തോളം ചിലവിട്ടുവെന്ന കാര്യത്തിൽ കേന്ദ്രം വ്യക്തത വരുത്തേണ്ടതുണ്ടെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് ഈ തുക ഉപയോഗിച്ച് സൗജന്യമായി വാക്സിൻ നല്കാവുന്നതല്ലേ എന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എൽ നാഗേശ്വര റാവു, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ച് കേന്ദ്രത്തോട് ആരാഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ്, മുമ്പുണ്ടായിരുന്ന വാക്സിൻ നയത്തിൽ മാറ്റം വരുത്തിയതായി ഇന്ന് വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
പതിനെട്ട് വയസിന് മുകളിലുള്ളവർക്കും സംസ്ഥാനങ്ങൾക്കും വാക്സിൻ സൗജന്യമായി നൽകുമെന്നാണ് മോദി അറിയിച്ചത്. ലോക യോഗാ ദിനമായ ജൂൺ 21 മുതലായിരിക്കും സൗജന്യ വാക്‌സിൻ ലഭ്യമാക്കുകയെന്നും കേന്ദ്ര സർക്കാർ വാക്‌സിൻ വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. 75 ശതമാനം വാക്‌സിൻ കേന്ദ്ര സർക്കാർ കമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങി നൽകും.
25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് വാങ്ങാം. എന്നാൽ ഇവ പരമാവധി 150 രൂപ മാത്രമേ സർവീസ് ചാർജായി ഈടാക്കാവൂവെന്നും പ്രധാനമന്ത്രി അറിയിച്ചു. നേരത്തെ സംസ്ഥാനങ്ങൾ സ്വയംതന്നെ വാക്സിൻ വാങ്ങണം എന്നതായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.
സുപ്രീംകോടതിയുടെ സമ്മർദ്ദം മൂലമാണ് കേന്ദ്ര സർക്കാർ പെട്ടെന്ന് വാക്സിൻ നയത്തിന് മാറ്റം വരുത്തിയതെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ട്രോളുകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്.
മാത്രമല്ല, കേരളമടക്കമുള്ള സംസ്ഥാനങ്ങൾ വാക്സിൻ സൗജന്യമായി ജനങ്ങൾക്ക് നൽകുമെന്നുള്ള നിലപാട് സ്വീകരിച്ചതും കേന്ദ്രത്തിന്റെ മനംമാറ്റത്തിന് കാരണമായിട്ടുണ്ടെന്നും ചിലർ അഭിപ്രായപ്പെടുന്നു. ജനങ്ങൾക്ക് കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് വളരെ മുമ്പേതന്നെ പിണറായി വിജയൻ സർക്കാർ പ്രഖ്യാപിച്ച കാര്യമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
content details: modi changed centres covid vaccine policy due to supreme courts intervention and due to states like kerala giving free vaccine.